സാമൂതിരിയുടെ പടത്തലവനാണ് കുഞ്ഞാലി മരയ്ക്കാർ. കേരളചരിത്രത്തിലെ സാഹസികമായ അദ്ധ്യായമാണ് കുഞ്ഞാലി മരയ്ക്കാരുടേത്. കുഞ്ഞാലി മരയ്ക്കാർ ഒരാളല്ല പകരം ആ പേര് പല തലമുറകൾക്കുള്ളതാണ്. ആ ചരിത്രത്തിലൂടെ
ഒന്നാമന്റെ അന്ത്യം
പോർച്ചുഗീസുകാരുമായുള്ള യുദ്ധത്തിൽ കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ കൊല്ലപ്പെട്ടു. ഈ യുദ്ധത്തിൽ കുഞ്ഞാലിമരയ്ക്കാരുടെ ആക്രമണങ്ങൾ പോർച്ചുഗീസുകാരെ വിറപ്പിച്ചു. അതിനാൽ അവർ കുഞ്ഞാലിമരയ്ക്കാരെ തടവുകാരനാക്കി വധിച്ചു.
രണ്ടാമന്റെ ഉദയം
കുഞ്ഞാലി രണ്ടാമൻ തന്റെ പിതാവിനേക്കാൾ പ്രതാപിയായിരുന്നു. ഇദ്ദേഹത്തിനൊപ്പം സഹായികളായി അലി അബ്രഹാം മരയ്ക്കാർ, കുട്ടി അഹമ്മദ് മരയ്ക്കാർ, ഹസ്സൻ മരയ്ക്കാർ, കുട്ടിമൂസ എന്നീ യോദ്ധാക്കളുണ്ടായിരുന്നു. ധീരനായ കുഞ്ഞാലി രണ്ടാമന്റെ ധൈര്യത്തെ ശത്രുക്കൾ പോലും പ്രശംസിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലത്ത് സാമൂതിരി യുദ്ധങ്ങളെല്ലാം ജയിച്ചു. എന്നാൽ പോർച്ചുഗീസുകാരുമായുള്ള നിരന്തര യുദ്ധം സാമൂതിരിയുടെ ഖജനാവ് കാലിയാക്കി. പോർച്ചുഗീസുകാരുമായി സന്ധിയുണ്ടാക്കാൻ സാമൂതിരി തീരുമാനിച്ചു. ഇതിനെക്കുറിച്ചാലോചിക്കാൻ കുഞ്ഞാലി മരയ്ക്കാരുടെ ബന്ധുവായ കുട്ട്യാലി മരയ്ക്കാരെ ഗോവയിലേക്കയച്ചു. അദ്ദേഹം പോർച്ചുഗീസുകാരുമായി ചർച്ച ചെയ്ത് 1540 ൽ ഉടമ്പടി ഒപ്പിട്ടു.
കുഞ്ഞാലി നാലാമൻ
കോട്ട പരിഷ്‌കരിച്ചത് ഇദ്ദേഹമാണ്. മരയ്ക്കാർ ശ്രേണിയിലെ ഏറ്റവും ധീരനാണ് നാലാമൻ. കച്ച് മുതൽ കന്യാകുമാരു വരെ ഇദ്ദേഹത്തിന്റെ അനുയായികൾ നിലയുറപ്പിച്ചിരുന്നു. ഇവർ പോർച്ചുഗീസുകാരെ കോഴിക്കോട് ആധിപത്യമുറപ്പിക്കുന്നതിൽ നിന്നും തടഞ്ഞിരുന്നു. സാമൂതിരി കുഞ്ഞാലി നാലാമന് സാമന്തന്റെ പദവി നൽകി. ഇത് നായർ മാടമ്പികളെ ചൊടിപ്പിച്ചു. മരയ്ക്കാരെയും സാമൂതിരിയെയും തെറ്റിദ്ധരിപ്പിക്കാൻ അവർ പ്രവർത്തിച്ചു. പൊന്നാനിയിൽ കോട്ട കെട്ടാൻ പോർച്ചുഗീസുകാർക്ക് അനുമതി കൊടുത്തതിൽ കുഞ്ഞാലി മരയ്ക്കാർക്ക് എതിർപ്പുണ്ടായിരുന്നു. ഈ അഭിപ്രായവ്യത്യാസങ്ങൾ എതിരാളികൾ ശ്രവിക്കുകയും അവർ അതിൽ വിജയിക്കുകയും ചെയ്തു. ഇത് പോർച്ചുഗീസുകാരെ സന്തോഷിപ്പിച്ചു.
മരയ്ക്കാരുടെ കോട്ട
കോട്ടയ്ക്കൽ കോഴിക്കോട് ജില്ലയിലെ ഒരു കടലോര ഗ്രാമമാണ്. ഇവിടെ നിർമ്മിച്ച കോട്ടയായി പിന്നീട് മരയ്ക്കാരുടെ ആസ്ഥാനം. കോട്ടയ്ക്ക് നല്ല ഉറപ്പും ശുദ്ധജല വിതരണത്തിന് സൗകര്യങ്ങളുമുണ്ടായിരുന്നു എന്ന് ഫ്രഞ്ച് സഞ്ചാരിയായിരുന്ന പിറാർഡ് ഡി ലാവൽ എഴുതിയിട്ടുണ്ട്.
പേരിനു പിന്നിൽ
കുട്ട്യാലി മരയ്ക്കാർ കൊച്ചിയിലെ കച്ചവട പ്രമാണിയായിരുന്നു. അദ്ദേഹത്തിന്റെ പുത്രനായിരുന്നു മുഹമ്മദ് മരയ്ക്കാർ. മുഹമ്മദ് മരയ്ക്കാരുടെ കൊച്ചിയിലെ വ്യാപാരകേന്ദ്രങ്ങൾ പോർച്ചുഗീസുകാർ കൊള്ള ചെയ്തു.ഇതിനാൽ വ്യാപാരകേന്ദ്രം പൊന്നാനിയിലേക്ക് മാറ്റി. പക്ഷേ പോർച്ചുഗീസുകാർ മുസ്ലിങ്ങളെ ഉപദ്രവിച്ചു കൊണ്ടേയിരുന്നു. അവസാനം പോർച്ചുഗീസുകാരുടെ അക്രമങ്ങളെ നേരിടാൻ മുഹമ്മദ് മരയ്ക്കാർ തീരുമാനിച്ചു. ഇതിനായി കുറെ യുവാക്കളെയും കൂട്ടി അദ്ദേഹം സാമൂതിരിയെ കണ്ടു. പോർച്ചുഗീസുകാരുടെ ശക്തി ക്ഷയിപ്പിക്കാനാണ് തങ്ങൾ പ്രതിജ്ഞയെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ സാമൂതിരിക്ക് സന്തോഷമായി. സാമൂതിരി അദ്ദേഹത്തെ തന്റെ കപ്പൽപ്പടയുടെ നായകനാക്കി. ഒരു സ്ഥാനപ്പേരും നൽകി. അതാണ് കുഞ്ഞാലിമരയ്ക്കാർ. കുഞ്ഞാലി മരയ്ക്കാരായശേഷം ചിട്ടയായ പരിശീലനം തന്റെ അനുയായികൾക്ക് നൽകി.
കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ
പട്ടേ മരയ്ക്കാനാണ് മൂന്നാമനായത്. ഇദ്ദേഹം പ്രശസ്തനായ കപ്പിത്താനായിരുന്നു. അസാമാന്യ ധൈര്യവും യുദ്ധപാടവവും പ്രദർശിപ്പിച്ച് മൂന്നാമൻ പോർച്ചുഗീസുകാർക്ക് മുന്നിൽ കീഴടങ്ങിയിരുന്നില്ല. ഇതിനിടയിലാണ് പുതിയ സാമൂതിരി അധികാരമേറ്റത്. അദ്ദേഹം പോർച്ചുഗീസുകാർക്ക് പൊന്നാനിയിൽ ഒരു കോട്ട കെട്ടാൻ അനുവാദം കൊടുത്തു. ഇതിനു പിന്നിൽ പ്രവർത്തിച്ചത് പോർച്ചുഗീസ് അനുഭാവികളായ മന്ത്രിമാരായിരുന്നു. ഇതിനെ കുഞ്ഞാലിമരയ്ക്കാർ എതിർത്തു. കാരണം ഇതൊരു വീഴ്ചയായിരുന്നു. എന്നാൽ കൊടുത്ത വാക്ക് പാലിക്കാതിരിക്കാൻ സാമൂതിരിക്ക് കഴിയുമായിരുന്നില്ല. ഇതിനാൽ സാമൂതിരി തന്നെ പ്രശ്നത്തിനൊരു പോംവഴി കണ്ടെത്തി. കുഞ്ഞാലി മരയ്ക്കാർക്ക് കോട്ടക്കലിൽ കോട്ട കെട്ടാൻ അനുമതി കൊടുത്തു.
കീഴടങ്ങിയ കുഞ്ഞാലി
1599 ൽ പോർച്ചുഗീസുകാരുടെയും സാമൂതിരിയുടെയും സംയുക്ത സൈന്യം മരയ്ക്കാരുടെ കോട്ട വളഞ്ഞു. മാസങ്ങളോളം ആക്രമണം നീണ്ടു. ഭക്ഷണം കിട്ടാതെ അനുയായികൾ വലഞ്ഞപ്പോൾ കുഞ്ഞാലി മരയ്ക്കാർ സാമൂതിരിയുടെ മുന്നിൽ കീഴടങ്ങി. തന്റെ യജമാനനായിരുന്ന സാമൂതിരിക്ക് മുന്നിൽ കീഴടങ്ങുന്നതിൽ കുഞ്ഞാലി മരയ്ക്കാർക്ക് കുറവൊട്ടും തോന്നിയിരുന്നില്ല. കുഞ്ഞാലി മരയ്ക്കാരെ വിട്ടുകൊടുക്കണമെന്ന് പോർച്ചുഗീസുകാർ സാമൂതിരിയോട് ആജ്ഞാപിച്ചിരുന്നു. ഇത് സാമൂതിരിക്ക് അനുസരിക്കേണ്ടിവന്നു. കുഞ്ഞാലി മരയ്ക്കാരെയും അനുയായികളെയും തടവിലാക്കി ഗോവയിലേക്ക് വിചാരണയ്ക്കായി കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹത്തെ തൂക്കിക്കൊന്നു. അദ്ദേഹത്തിന്റെ മൃതദേഹത്തോട് തികഞ്ഞ അനാദരവാണ് പോർച്ചുഗീസുകാർ കാണിച്ചത്. ശൂലങ്ങളിൽ തറച്ച് അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിനുവച്ചു. കൂടാതെ കുന്തത്തിൽ കോർത്ത് കണ്ണൂരങ്ങാടിയിൽ പ്രദർശനത്തിന് വച്ചു.
ആക്രമണം
സമാധാന ഉടമ്പടി ഒപ്പിട്ടുവെങ്കിലും പോർച്ചുഗീസുകാർ തങ്ങളുടെ കുതന്ത്രങ്ങൾ തുടർന്നു. നാട്ടുരാജാക്കന്മാരെയും മറ്റും ഇവർ ആക്രമിക്കാൻ തുടങ്ങി. നാട്ടുവഴികളിൽ പലരും സാമൂതിരിയുടെ കൂറൂള്ളവരായിരുന്നു. പോർച്ചുഗീസുകാരോട് യുദ്ധത്തിന് സാമൂതിരി തയ്യാറായി. കുഞ്ഞാലി മരയ്ക്കാരുടെ സഹായത്തോടെ സാമൂതിരി പോർച്ചുഗീസുകാരോട് യുദ്ധം ചെയ്തു. കനത്ത നാശമാണ് ഇതിൽ പോർച്ചുഗീസുകാർക്കുണ്ടായത്. സാമൂതിരി നൈസാമുമായും ആദിൽ ഷായയുമായി ചേർന്ന് പോർച്ചുഗീസുകാർക്കെതിരെ പോരാടി.