കോഴഞ്ചേരി : പ്രളയത്തിൽ ദിവസങ്ങളോളം രക്ഷകനായ പ്രവർത്തകനും പൊലീസുകാരെ അടക്കം സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചതിന് ആദരവ് നേടിയ ആളെ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ അപമാനിച്ചതായി പരാതി. മല്ലപ്പുഴശേരി തെക്കേമല മരുതൂർ കടവിൽ സിബി എന്ന സെബാസ്റ്റ്യൻ ജോർജ് ആണ് ഇത് സംബന്ധിച്ചു ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. പൊലീസ് പിടികൂടിയ അയൽ വാസിയെ ജാമ്യത്തിൽ ഇറക്കാൻ ചെന്ന സിബിക്ക് നേരെ അസഭ്യം പറയുകയും മർദിക്കാൻ ശ്രമിച്ചതായുമാണ് പരാതി. സ്റ്റേഷനിൽ എത്തിയപ്പോൾ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്താൻ നിർബന്ധിക്കുകയുംചെയ്തു. പ്രളയം ആരംഭിച്ച ദിവസം ആദ്യം വാടകക്ക് വള്ളമെടുത്തു സുഹൃത്തുക്കളെയും കൂട്ടി രക്ഷാ പ്രവർത്തനം ആരംഭിച്ചത്.ജില്ലാ ഭരണ കൂടം, കോഴഞ്ചേരി തഹസീൽദാർ, കോഴഞ്ചേരി സി.ഐ തുടങ്ങിയവരുടെ നിർദേശാനുസരണം ദിവസങ്ങളോളം ഈ പ്രവർത്തനം തുടരുകയും ചെയ്തിരുന്നു.സ്റ്റേഷനിൽ ഉണ്ടായിരുന്നവരെയും കരക്ക് എത്തിച്ചിരുന്നു. ഈ പരിചയത്തിന്റെ പേരിലാണ് താൻ സ്റ്റേഷനിലേക്ക് പോയതെന്നും എന്നാൽ മാനഹാനിയും ഭീഷണിയുമാണ് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.മുഖ്യ മന്ത്രി,ഫിഷറീസ് മന്ത്രി,ജില്ലാ കളക്ടർ, എം.എൽ.എ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.