kerala-police-at-sabarima

പാലക്കാട്: ശബരിമല സ്ത്രീപ്രവേശനം തടയുന്നവരെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിൽ മാവോയിസ്‌റ്റുകളുടെ പോസ്‌റ്റർ. ആനമൂളി ചെക്ക് പോസ്‌റ്റിന് സമീപത്തായാണ് പോസ്‌റ്ററുകൾ. ഭവാനി ദളത്തിന്റെ പേരിലുള്ള പോസ്‌റ്ററുകൾ ഇന്ന് രാവിലെയാണ് ശ്രദ്ധയിൽ പെട്ടത്. പോസ്‌റ്റർ പതിച്ചത് ആരാണെന്ന് വ്യക്തമല്ല. സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ചിത്തിര ആട്ടവിശേഷത്തിനായി അഞ്ചാം തീയതി ശബരിമല നട തുറക്കാനിരിക്കെ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ തന്നെ ശബരിമലയിൽ 5000 പൊലീസുകാരെ നിയോഗിക്കും. എന്നാൽ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാൻ പ്രതിഷേധക്കാരും രംഗത്തിറങ്ങുന്നതോടെ വീണ്ടും സംഘർഷാവസ്ഥയുണ്ടാകുമെന്ന ഭീഷണിയുണ്ട്. ഇത് മുൻകൂട്ടി കണ്ട് പഴുതടച്ച സുരക്ഷയായിരിക്കും പൊലീസ് ഒരുക്കുക. ആവശ്യമെങ്കിൽ ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.