ന്യൂഡൽഹി: മുൻ വിദേശകാര്യ സഹമന്ത്രിയും മാദ്ധ്യമപ്രവർത്തകനുമായ എം.ജെ. അക്‌ബറിനെതിരെ വീണ്ടും ലൈംഗിക ആരോപണം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ പബ്ളിക് റേഡിയോയിലെ മാദ്ധ്യമപ്രവർത്തകയായ പല്ലവി ഗോഗോയിയാണ് ഇത്തവണ അക്‌ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അന്തർദേശീയ മാദ്ധ്യമമായ വാഷിംഗ്‌ടൺപോസ്‌റ്റിലൂടെ കടുത്ത വിമർശമാണ് പല്ലവി അക്‌ബറിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
ഏഷ്യൻ ഏജ് എന്ന പത്രത്തിൽ പ്രവർത്തിക്കുമ്പോഴാണ് തനിക്ക് അക്‌ബറിൽ നിന്ന് പീഡനം നേരിടേണ്ടിവന്നതെന്ന് പല്ലവി പറയുന്നു. 'അന്ന് ഏഷ്യൻ ഏജിന്റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്നു അക്‌ബർ. തുടക്കത്തിൽ മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള അക്‌ബറിന്റെ വാക്‌ചാതുരിയും, ശൈലീപ്രയോഗങ്ങളിലും എന്നെ ഏറെ വിസ്‌മയിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ആദ്യമൊക്ക അയാളുടെ അശ്ലീല പദപ്രയോഗങ്ങൾ മന:പൂർവം അവഗണിക്കുകയും ചെയ്‌തു. എന്നാൽ വളരെ പെട്ടെന്ന് തന്നെ എനിക്ക് എഡിറ്ററായി സ്ഥാനകയറ്റം ലഭിക്കുകയായിരുന്നു. പക്ഷേ അതിന് നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. ഒരു എഡിറ്റോറിയൽ ലേഖനവുമായി ബന്ധപ്പെട്ട് ഞാൻ അക്‌ബറിനെ കാണാൻ ചെന്നു. ആദ്യം വളരെയധികം അഭിനന്ദിച്ച അയാൾ പെട്ടെന്ന് എന്നെ ചുംബിക്കാൻ ആഞ്ഞു. അന്ന് കുതറിമാറിയെങ്കിലും, ആ അനുഭവം എന്നെ വല്ലാതെ ഉലച്ചിരുന്നു' -പല്ലവി പറഞ്ഞു.
അതുകഴിഞ്ഞ് കുറച്ചുനാളുകൾ പിന്നിട്ടപ്പോൾ സമാനമായ അനുഭവം അക്‌ബറിൽ നിന്ന് വീണ്ടും നേരിടേണ്ടി വന്നതായും പല്ലവി കുറിച്ചു. 'അന്ന് അയാളെ തള്ളിമാറ്റുകയായിരുന്നു. പിന്നീട് പലപ്പോഴും ഇത്തരത്തിലുള്ള പീഡനങ്ങൾ അക്‌ബർ തുടർന്നിരുന്നതായും പല്ലവി വ്യക്തമാക്കുന്നു. സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവച്ചപ്പോൾ അവർക്കും എഡിറ്ററിൽ നിന്ന് ഇത്തരം കയ്‌പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നതായി അറിഞ്ഞു.
അക്‌ബറിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇനിയും തന്റെ ദുരനുഭവം മൂടിവയ്‌ക്കുന്നത് ശരിയല്ലെന്ന തീരുമാനത്തിലാണ് ഇപ്പോൾ ഇത് പുറത്തുവിടുന്നതെന്ന് പല്ലവി കുറിച്ചു. 'സത്യം പുറത്തുകൊണ്ടുവന്ന എല്ലാ സ്ത്രീകൾക്കുവേണ്ടിയുമാണ് ഞാനിതിപ്പോൾ പറയുന്നത്, ഒപ്പം കൗമാരക്കാരായ എന്റെ മകൾക്കും മകനും വേണ്ടിക്കൂടി' -പല്ലവി വ്യക്തമാക്കി. എന്നാൽ പല്ലവിയുടെ ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാന രഹിതമാണെന്ന് അക്‌ബറിന്റെ അഭിഭാഷകൻ പ്രതികരിച്ചു.
മീ ടൂ ആരോപണത്തെ തുടർന്ന് ഇക്കഴിഞ്ഞ ഒക്‌ടോബർ പതിനേഴിനാണ് എം.ജെ. അക്‌ബർ മന്ത്രി സ്ഥാനം രാജിവച്ചത്. ഇരുപതോളം വനിതാ മാദ്ധ്യമപ്രവർത്തകർ അക്ബറിനെതിരെ ലൈംഗികരോപണം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു രാജി.