ന്യൂഡൽഹി: തന്റെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങളാൽ ഗുജറാത്തിലെ അഹമ്മദാബാദ് സർവകലാശാലയിൽ പഠിപ്പിക്കാനില്ലെന്ന് പ്രശസ്‌ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ അറിയിച്ചു. ആർ.എസ്.എസിന്റെ വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പിയുടെ പ്രവർത്തകർ രാജ്യദ്രോഹിയെന്ന് വിളിച്ചതിന് പിന്നാലെയാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്. സർവകലാശാലയിലെ ഹ്യൂമാനിറ്റീസ് വിഭാഗം അദ്ധ്യാപകനായി ഗുഹയെ നിയമിച്ചത് എ.ബി.വി.പിയുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർവകലാശാല അധികൃതരെ കണ്ട ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് എ.ബി.വി.പി നേതാവ് പ്രവീൺ ദേശായി ഗുഹയെ രാജ്യദ്രോഹിയെന്ന് വിളിച്ചത്.
ഗുഹയുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല രജിസ്‌ട്രാർ എം.ബി.ഷായെ കണ്ടിരുന്നുവെന്ന് പ്രവീൺ ദേശായി വ്യക്തമാക്കി. സർവകലാശാലയിൽ അദ്ധ്യാപകരായി ബുദ്ധിജീവികളെയാണ് നിയമിക്കേണ്ടത് അല്ലാതെ രാജ്യദ്രാഹികളെയല്ലെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അർബൻ നക്‌സലെന്ന് വിളിക്കാൻ യോഗ്യതയുള്ളയാളാണ് ഗുഹ. അദ്ദേഹത്തിന്റെ രാജ്യദ്രോഹ പരാമർശങ്ങൾ അടങ്ങിയ പുസ്‌തകം സർവകലാശാലയ്‌ക്ക് സമർപ്പിച്ചിട്ടുണ്ട്. ഒരു കമ്യൂണിസ്‌റ്റിനെയാണ് നിങ്ങൾ ഇവിടേക്ക് ക്ഷണിച്ചിരിക്കുന്നത്. ഗുഹ ഇവിടെ എത്തിയാൽ ജെ.എൻ.യുവിലെ പോലത്തെ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും പ്രവീൺ ദേശായി ആരോപിച്ചിരുന്നു.
അതേസമയം, ഗുഹയ്‌ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ ഗുജറാത്തിലെത്തിയാൽ തന്റെ ജീവന് പോലും ഭീഷണിയുണ്ടാകുമെന്നാണ് ഗുഹയ്ക്ക് കിട്ടിയ മുന്നറിയിപ്പ്. ക്യാംപസിൽ വച്ച് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടാകുമെന്ന് ഭയന്നിരുന്നുവെന്നും ഗുഹയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇതിന് പിന്നാലെ സർവകലാശാല അധികൃതരും ഗുഹയുമായി കൂടിക്കാഴ്‌ച നടത്തി. തുടർന്നാണ് താൻ ഗുജറാത്തിലേക്ക് ഇല്ലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഗാന്ധി പിറന്ന നാട്ടിൽ എന്നെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങൾ പുലരട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തിട്ടുണ്ട്.