pinarayi-and-sreedharan

തിരുവനന്തപുരം: പൊലീസിന്റെ മർദ്ദനത്തെ തുടർന്നാണ് ശിവദാസ് എന്ന അയ്യപ്പഭക്തൻ മരിച്ചതെന്ന് വ്യക്തമായതോടുകൂടി മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തിയ ശിവദാസനെ കഴിഞ്ഞ 17 മുതൽ കാണാതായതാണ്. അയ്യപ്പന്റെ ചിത്രം വച്ച് സൈക്കിളിൽ ശബരിമലയിലേക്കുള്ള യാത്രമദ്ധ്യേയാണ് നിരപരാധിയായ ശിവദാസനെ പിണറായിയുടെ പൊലീസ് ആക്രമിച്ച് കൊന്നതെന്ന് ശ്രീധരൻപിള്ള ആരോപിച്ചു.

'ശിവദാസനെ കാണാതായത് മുതലുള്ള ഈ കേസ് ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണമെന്ന് നേരത്തെ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ ബി.ജെ.പി ഉന്നയിച്ച സംശയങ്ങൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ ഇനി ഒട്ടും അമാന്തിക്കരുത്'- ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.

അയ്യപ്പഭക്തന്റെ അരുംകൊലയുടെ ഉത്തരവാദിത്തത്തിൽ നിന്നും പൊലീസിലെ ക്രിമിനലുകളെ കയറൂരിവിട്ട് പിണറായി വിജയന് കൈകഴുകാൻ ആവില്ല. എത്രയുംവേഗം മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.