ന്യൂഡൽഹി: ബോളിവുഡ് സെലിബ്രിറ്റികളിൽ ഏറ്റവും കൂടുതൽ പരസ്യവരുമാനം നേടുന്ന താരങ്ങളിലൊരാളാണ് അമിതാഭ് ബച്ചൻ. എന്നാൽ ഇപ്പോഴിതാ ഒരു പരസ്യം തന്നെ ബിഗ് ബിയ്‌ക്ക് പൊല്ലാപ്പായി മാറിയിരിക്കുകയാണ്. ഒരു മസാലക്കമ്പനിയുടെ പരസ്യത്തിൽ അഭിഭാഷക വേഷത്തിൽ എത്തിയതിനെ തുടർന്ന് ഡൽഹി ബാർ കൗൺസിൽ ബച്ചന് ലീഗൽ നോട്ടീസ് നൽകിയിരിക്കുകയാണ്.
മുൻകൂർ അനുമതിയില്ലാതെ അഭിഭാഷകരുടെ വേഷം പരസ്യത്തിനായി ഉപയോഗിച്ചതാണ് കാരണം. കമ്പനിയ്‌ക്കെതിരെയും പരസ്യം പ്രക്ഷേപണം ചെയ്‌ത യൂട്യൂബിനെതിരെയും മാദ്ധ്യമസ്ഥാപനത്തിനെതിരെയും കൗൺസിൽ നോട്ടീസയച്ചിട്ടുണ്ട്.പരസ്യം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്.
പരസ്യത്തിൽ അമിതാഭ് ബച്ചനും മറ്റു രണ്ട്‌പേരുമാണ് അഭിനയിച്ചിരിക്കുന്നത്. അഭിഭാഷകവേഷം ധരിച്ച ബച്ചൻ കമ്പനിയുടെ മസാലയെ കുറിച്ച് പ്രകീർത്തിക്കുന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. പത്തു ദിവസത്തിനുള്ളിൽ നോട്ടീസിൽ ആവശ്യപ്പെട്ട പ്രകാരം ചെയ്യണമെന്നും അല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കൗൺസിൽ അറിയിച്ചിട്ടുണ്ട്.