പ്രളയം കഴിഞ്ഞു. കുട്ടനാട്ടിലെ കൈനകരി ഒഴികെ മറ്റെല്ലാ ഗ്രാമങ്ങളിലും വെള്ളമൊഴിഞ്ഞു. പ്രളയം തുടങ്ങിയതും അവസാനിക്കുന്നതും ഈ കൈനകരിക്കാരന്റെ നെഞ്ചിലൂടെ തന്നെ. ആദ്യ പ്രളയം തുടങ്ങി കൈനകരിയിലെ ക്യാംപിൽ നിന്നും ആഗസ്റ്റ് 14 ന് പോയത് വഴുതക്കാട്ടുള്ള മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റിന്റെയും,കേശവദാസപുരത്തെ മൈനിംഗ് ആൻഡ് ജിയോളജി ആസ്ഥാനത്തേക്കുമായിരുന്നു.ലൈസൻസ് പുതുക്കാൻ തിരക്കിടുന്നവരെ പിണക്കാതെ ഒരു തരം ബ്ളാക് ഹ്യൂമറോടെ ഓരോന്ന് പറഞ്ഞ് ഒഴിവാക്കുന്ന അഡിഷണൽ ഡയറക്ടർ ഒരു ഫയലിലും അനുകൂല നടപടി നൽകാതെ ക്വാറി എഴുതി വിടുകയാണ്. ആ ഉദ്യോഗസ്ഥൻ ഒരു ഫയൽ വരുത്തി പറഞ്ഞുതന്ന കണക്കുകളും പ്രളയവും മണ്ണിടിച്ചിലും തമ്മിലുള്ള ബന്ധം പിന്നീടുള്ള ദിനങ്ങൾ കേരളത്തിന് കാണിച്ച് തന്നു.
ആ കണക്ക് ഇതാ2012- 2016 ൽ പാരിസ്ഥിതികാനുമതി വേണം എന്ന ഉത്തരവ് നിലവിൽ വരുന്നതിന് മുൻപുള്ള കണക്കനുസരിച്ച്ആകെയുള്ള ക്വാറികൾ 1255. ഉത്തരവ് വന്നശേഷം സർക്കാരിൽ നിന്ന് ലീസിന് എടുത്തത് - 549, സ്വന്തം സ്ഥലമുള്ളവർ പെർമിറ്റ് വാങ്ങിയത് 150.
ലീസ് ജില്ലാ അടിസ്ഥാനത്തിൽ
തിരുവനന്തപുരം 81 ,കൊല്ലം 14 ,പത്തനംതിട്ട 60,കോട്ടയം 36 ,ഇടുക്കി 26 ,എറണാകുളം 90 ,തൃശൂർ 49 ,പാലക്കാട് - 48 ,മലപ്പുറം - 74 വയനാട് - 11 ,കണ്ണൂർ - 4 .
പെർമിറ്റുള്ളവ
തിരുവനന്തപുരം - 4 ,കൊല്ലം - 5 , പത്തനംതിട്ട - 21 കോട്ടയം - 9 ,ഇടുക്കി - 2 ,എറണാകുളം - 5 ,തൃശൂർ - 3 ,പാലക്കാട് - 19, മലപ്പുറം - 16 വയനാട് - 0 , കണ്ണൂർ
- 12 .ഇത് ഔദ്യോഗിക കണക്ക് . എന്നാൽ എത്രയോ മടങ്ങ് കരിങ്കൽ, മണ്ണ് ക്വാറികൾ ഉണ്ടെന്നതിന്റെ തെളിവാണ് കേരളത്തിലെ മണ്ണുമാന്തി യന്ത്രങ്ങളുടെ കണക്കുകൾ.
സർക്കാരിനുള്ള വരുമാനം
ഒരു ടൺ കരിങ്കല്ല് എടുക്കാൻ 24 രൂപയും, ഒരു ടൺ മണ്ണിന് 20 രൂപയും നൽകിയാണ് പാസ് എടുക്കുന്നത് .മൂന്ന് ടൺ ഉള്ള ഒരു ലോറി മണ്ണിന് എണ്ണായിരവും കരിങ്കല്ലിന് 12,000 വരെയും വിലയുള്ളപ്പോൾ ക്വാറികൾ എത്രലാഭത്തിനാണ് ഈ കച്ചവടം നടത്തുന്നതെന്ന് മനസിലാകും.റെയിൽവേ, പി .ഡബ്ള്യു ഡി എന്നിവയുടെ നിർമാണത്തിന് നൽകുന്ന പെർമിറ്റ് ഉപയോഗിച്ചാണ് പല കോൺട്രാക്ടർമാരും അനധികൃത നിലം നികത്തൽ നടത്തുന്നത്.
പോയ വർഷം സർക്കാരിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നും ലഭിച്ചത് വെറും 140 കോടി രൂപയാണ്. ലൈസൻസില്ലാതെ കല്ലും മണ്ണും കടത്തിയതിനുള്ള പിഴ ഉൾപ്പടെയാണ് ഈ തുക.പിഴയിനത്തിൽ നല്ലൊരു തുക വരുമ്പോൾ ബാക്കിയാണ് മണ്ണും കല്ലും എടുത്തു മാറ്റിയ വകയിലുള്ളത് . എന്നാൽ എത്രത്തോളം കല്ലും മണ്ണും കൊണ്ടുപോയി എന്ന കണക്ക് വകുപ്പിന്റെ പക്കലില്ല. കേരളമാകെ നികത്തപ്പെട്ട സ്ഥലത്തിന്റെ അളവും സർക്കാരിന് ലഭിച്ച വരുമാനവും തമ്മിൽ താരതമ്യപ്പെടുത്തിയാൽ മാത്രം മതി ഈ വിവരം ബോദ്ധ്യപ്പെടാൻ.ഇതിന് എളുപ്പവഴി മൈനിംഗ് ആൻഡ് ജിയോളജി വിഭാഗവും റവന്യൂവും സാമ്പത്തിക വിഭാഗവും ചേർന്ന് ഖനനം ചെയ്ത ക്വാറികളുടെ അളവെടുക്കണം. ഓരോ സാമ്പത്തിക വർഷാരംഭവും ക്വാറികളിൽ നിന്ന് എടുക്കുന്നവയുടെ അളവ് അടയാളപ്പെടുത്തുകയും സാമ്പത്തികവർഷാവസാനം എത്ര അളവ് എടുത്തു എന്നും നിശ്ചയിച്ചാൽ സർക്കാരിന്റെ വരുമാനം കൂടും.മണ്ണുമാന്തി യന്ത്രങ്ങൾതിരുവനന്തപുരം - 879 ,കൊല്ലം - 758,ആലപ്പുഴ - 283 ,പത്തനംതിട്ട - 395 ,കോട്ടയം - 726 , ഇടുക്കി - 251 ,എറണാകുളം - 2019, തൃശൂർ- 687 ,പാലക്കാട് -450 ,മലപ്പുറം -1001 ,കോഴിക്കോട് -830 ,വയനാട് - 131 ,കണ്ണൂർ - 4, കാസർകോട് - 600 .
ആഗസ്റ്റ് 17 ലെ ഉരുൾപൊട്ടലിന്റെ കണക്കുകൾ നോക്കൂ,കണ്ണൂർ - മൂന്ന്, കോഴിക്കോട് - അഞ്ച് ,വയനാട് - ആറ് ,മലപ്പുറം -39 ,പാലക്കാട് - 17 ,തൃശൂർ- മൂന്ന് , കോട്ടയം - രണ്ട് ,ഇടുക്കി 18പത്തനംതിട്ട - ആറ് ,കൊല്ലം - ഒന്ന് ഇത് മാത്രം മതിയല്ലോ എവിടെ നിന്നൊക്ക ഭൂമി അടർത്തിയെടുക്കപ്പെട്ടു എന്നറിയാൻ.പശ്ചിമഘട്ടത്തിൽ നിയമപരമായും അല്ലാതെയും പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ക്വാറികളുണ്ട്. അവയോരോന്നും നമ്മുടെ നാടിനുണ്ടാക്കിയ ആഘാതം വലുതാണ്. കുന്നിടിച്ചും മല തുരന്നും പാടം നികത്തിയും വകതിരിവില്ലാതെ, വൻകിട കെട്ടിടങ്ങൾ നിർമ്മിച്ചുകൂട്ടിയിരിക്കുന്നത് താമസിക്കാൻ സ്ഥലമില്ലാത്തവരല്ല, വൻകിട ഭൂമാഫിയകളാണ്. അവർക്കത് സാധിച്ചത് രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ടുമാണ്. ഇതിന് നിയന്ത്രണം വന്നില്ലെങ്കിൽ കേരളം വൻ വിപത്ത് ഏറ്രുവാങ്ങേണ്ടി വരും.
(ലേഖകന്റെ ഫോൺ : 9447057788 )