ramesh-chennithala

തിരുവനന്തപുരം:ശബരിമല പ്രശ്നത്തിൽ അയ്യപ്പൻമാർക്കുണ്ടായിട്ടുള്ള ആശങ്ക അകറ്റാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയും സർക്കാരും ശബരിമല വിഷയം സങ്കീർണ്ണമാക്കുകയാണ്.അസാധാരണ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.സർക്കാർ ചെയ്യേണ്ട ഉത്തരവാദിത്വങ്ങൾ നിറവേറ്റണം.അയ്യപ്പൻമാരുടെ അവകാശങ്ങൾ നിഷേധിക്കരുത്.ശബരിമലവിഷയത്തിൽ യു.ഡി.എഫ് കലാപത്തിനില്ല.ശബരിമലയിൽ സമാധാനം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് നവംബർ നാലിന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്രിയുടെ ആഭിമുഖ്യത്തിൽ സമാധാന സത്യാഗ്രഹം സംഘടിപ്പിക്കും.

സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടാതാവുന്നത് ആദ്യസംഭവമാണ്.സർക്കാരിന്റെ ധിക്കാരപരമായ നടപടി ജീവനക്കാരിൽ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്.ശബരിമല പ്രശ്നത്തിൽ സുപ്രീകോടതി വിധി നടപ്പാക്കാൻ തിടുക്കം കാട്ടിയ സർക്കാർ സാലറി ചലഞ്ചിന്റെ കാര്യത്തിൽ മറ്റൊരു നിലപാടാണ് എടുക്കുന്നത്.സർക്കാർ പ്രഖ്യാപിച്ച പ്രളയാനന്തര ആനുകൂല്യം അർഹതപ്പെട്ടവർക്ക് കിട്ടുന്നില്ല.പ്രളയാനന്തര പ്രവർത്തനങ്ങളുടെ കാര്യത്തിൽ 13 ന് ചേരുന്ന ബദൽ യു.ഡി.എഫ് യോഗം ബദൽ നിർദ്ദേശം തയ്യാറാക്കുമെന്നും ചെന്നിത്തല പറഞ്ഞു.