പെരുന്ന: എൻ.എസ്.എസ് ഓഫീസുകൾക്കുനേരെയുണ്ടായ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പിന്നിലാരെന്ന് അറിയാമെന്നും, കളി എൻ.എസ്.എസിനോട് വേണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വിമർശം.
'ശബരിമല വിഷയത്തിൽ സമാധാനപരമായ പ്രതിഷേധമാണ് എൻ.എസ്.എസ് നടത്തിവരുന്നത്. ഇതിന്റെ പേരിൽ സംസ്ഥാനത്ത് മൂന്ന് നാല് സ്ഥലങ്ങളിൽ എൻ.എസ്.എസ് മന്ദിരങ്ങൾക്ക് നേരെ ചെറിയതോതിൽ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ പിന്നിൽ ആരൊക്കെയാണെന്ന് എൻ.എസ്.എസിന് നല്ലതുപോലെ അറിയാം. എൻ.എസ്.എസിനോട് ഈ കളി വേണ്ട. ഏതുസാഹചര്യങ്ങളെയും നേരിടാനുള്ള കരുത്ത് എൻ.എസ്.എസിനും സമുദായാംഗങ്ങൾക്കും ഉണ്ടെന്നുള്ള കാര്യം ഇക്കൂട്ടർ ഓർക്കണം'- വാർത്താക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആക്രമണങ്ങൾക്ക് പുറമെ ഇന്ന് പുലർച്ചെ തിരുവനന്തപുരം നേമത്തുള്ള കരയോഗ മന്ദിരത്തിലും ആക്രമണം നടന്നിരുന്നു.നേമത്തിന് സമീപം മേലാംകോടുള്ള എൻ.എസ്.എസ് കരയോഗ മന്ദിരമാണ് അടിച്ച് തകർത്തത്. കൂടാതെ ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരിൽ റീത്തും സമർപ്പിച്ചിരുന്നു.