ചീഫ് മിനിസ്റ്റർ വേലായുധൻ മാസ്റ്റർക്ക് ഒരു ജാര സന്തതി!
അവനെ കോളേജ് രാഷ്ട്രീയത്തിലൂടെ മുഖ്യധാരയിലെത്തിക്കുവാൻ മിനിസ്റ്റർ, ഡിവൈ.എസ്.പിയായിരുന്ന അനിരുദ്ധൻ വഴി നൽകിയ ക്വട്ടേഷൻ പ്രകാരമാണ് സത്യൻ എന്ന വിദ്യാർത്ഥി നേതാവിന്റെ അരും കൊലപാതകം....!
ജനം അമ്പരന്നു....
പ്രതിപക്ഷ കക്ഷികൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
എല്ലാ ജില്ലാ ആസ്ഥാനങ്ങളും പ്രതിഷേധ ചൂടിൽ പൊള്ളി.
പോലീസ് സംഘം നിരത്തിലിറങ്ങി കാക്കിയുടെ മതിൽക്കെട്ട് തീർത്തു.
പ്രതിഷേധക്കാരും പോലീസുകാരും തമ്മിൽ ഉന്തും തള്ളുമായി. അതുപിന്നെ കല്ലേറിനും ലാത്തിച്ചാർജ്ജിനും വഴിമാറി.
ടിയർ ഗ്യാസും ജലപീരങ്കികളും നിരത്തുകളുടെ നിയന്ത്രണം ഏറ്റെടുത്തു.
'ശബരിമല' വിഷയത്തിൽ പൊള്ളിത്തുടങ്ങിയിരുന്ന മന്ത്രിസഭയ്‌ക്കെതിരെ അത് പുതിയ തീക്കാറ്റായി.
പ്രതിപക്ഷ കക്ഷികൾ അടുത്ത ദിവസം ഹർത്താലിന് ആഹ്വാനം ചെയ്തു.
തന്റെ ഔദ്യോഗിക വസതിയിലെ പേഴ്സണൽ റൂമിൽ വേലായുധൻ മാസ്റ്റർ കൂട്ടിൽ അടയ്ക്കപ്പെട്ട വെരുകിനെപ്പോലെ അങ്ങിങ്ങു നടന്നു.
അടുത്ത നിമിഷം വാതിൽ തുറക്കപ്പെട്ടു.
മാസ്റ്റർ ഞെട്ടിത്തിരിഞ്ഞു.
ദേവകി!
ആ സ്ത്രീ ഭർത്താവിനെ തുറിച്ചു നോക്കി. ആ കണ്ണുകളിൽ തീ എരിഞ്ഞു.
ദേവകി വാതിൽ ചാരി. പിന്നെ ചാട്ടുളി പോലെ അവരുടെ ചോദ്യം വന്നു.
''നിങ്ങൾക്ക് ഇങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നെങ്കിൽ അത് എന്നോടങ്ങ് തുറന്നു പറഞ്ഞുകൂടായിരുന്നോ?''
മാസ്റ്റർ ഉമിനീർ വിഴുങ്ങി.
''ദേവകീ... ഞാനൊന്നു പറയട്ടെ...''
''വേണ്ടാ.'' ദേവകി കൈ ഉയർത്തി.
''കള്ളം മാത്രം പറഞ്ഞു ശീലിച്ച നിങ്ങൾ ഒരുവട്ടം കൂടി അതിനായി വാ തുറക്കരുത്. ചിലപ്പോൾ ഞാൻ എന്നെത്തന്നെ മറന്നേക്കും. അത് ഒരു പക്ഷേ നിങ്ങളുടെയോ എന്റെയോ അന്ത്യത്തിലാവും അവസാനിക്കുക.''
വേലായുധൻ മാസ്റ്ററുടെ വെളുത്ത കുപ്പായം വിയർപ്പിൽ മുങ്ങി ശരീരത്തോട് ഒട്ടി.
''നിങ്ങൾ ആറന്മുളയ്ക്കാണ്, കോഴഞ്ചേരിക്കാണ്, പത്തനംതിട്ടയ്ക്കാണ്, പാർട്ടി പരിപാടിയാണ് എന്നൊക്കെ പറഞ്ഞു പോയിട്ടുള്ളത് നിങ്ങളുടെ രണ്ടാം ഭാര്യയേയും മകനെയും കാണാൻ അല്ലായിരുന്നോ?''
മാസ്റ്റർ കൂടുതൽ വിവശനായി.
''ദേവകീ... നിനക്കറിയാമല്ലോ.. എന്റെ കസേരയിൽ നോട്ടമിട്ടിട്ടുള്ളവർ സ്വന്തം പാർട്ടിയിൽ പോലുമുണ്ട്. അവരും പ്രതിപക്ഷക്കാരും ചേർന്ന് മനപ്പൂർവ്വം ഉണ്ടാക്കിയ കഥയാണിത്. എന്നെ താഴെയിറക്കാൻ.''
''എങ്കിൽ നിങ്ങളിങ്ങനെ മുറിയിൽ കയറി ഒളിച്ചിരിക്കുന്നത് എന്തിനാ? ഒരു പ്രസ് മീറ്റിംഗ് നടത്തിക്കൂടേ?''
ആ ചോദ്യത്തിനു മുന്നിൽ മാസ്റ്റർക്ക് ഒരു നിമിഷം ഉത്തരം മുട്ടി. എങ്കിലും വളരെ വേഗം അയാൾ മുഖഭാവം മാറ്റി.
''അതിനു തന്നെയാണ് എന്റെ ശ്രമം. പക്ഷേ തൽക്കാലം എല്ലാം എവിടെവരെ എത്തുന്നു എന്നൊന്നറിഞ്ഞിട്ട്....''
അയാൾ പൂർത്തിയാക്കുവാൻ സമ്മതിച്ചില്ല ദേവകി.
അവർ പറഞ്ഞു:
''കാര്യം സത്യമാണെങ്കിലും അല്ലെങ്കിലും എവിടെയൊക്കെ ആണയിട്ടാലും ഇപ്പോൾ വീണ ഈ കളങ്കത്തിൽ നിന്ന് നിങ്ങൾക്കു മോചനമില്ല..
കാണുന്നുണ്ടല്ലോ പഴയൊരു മുഖ്യമന്ത്രി ഏതോ അഭിസാരികയുമായി ബന്ധം പുലർത്തിയെന്നു പറഞ്ഞ് വിജിലൻസ് അന്വേഷണം നേരിടുന്നത്. എത്ര മായ്ച്ചാലും മാച്ചാലും ഒരു നാൾ സത്യം പുറത്തുവരും എന്നത് ലോക നിയമം. പക്ഷേ ഇപ്പഴേ നിങ്ങൾ ഒന്നു മനസ്സിൽ കുറിച്ചിട്ടോ...''
ശക്തമായ കിതപ്പു കാരണം ദേവകി ഒന്നു നിർത്തി. ശ്വാസം വലിച്ചെടുത്തുകൊണ്ട് തുടർന്നു:
''സത്യമാണെന്ന് ബോദ്ധ്യപ്പെടുന്ന നിമിഷം നിങ്ങൾ എന്നെ മറന്നേക്കണം. പിന്നെ ദേവകിയില്ല.''
പറഞ്ഞതും ഒന്നു തേങ്ങിക്കൊണ്ട് ആ സ്ത്രീ വെട്ടിത്തിരിഞ്ഞു.
വാതിൽ വലിച്ചു തുറന്ന് നടന്നുപോയി.
ശിരസ്സിൽ ഒരടിയേറ്റതു പോലെ ഇതികർത്തവ്യതാ മൂഢനായി തരിച്ചു നിന്നുപോയി വേലായുധൻ മാസ്റ്റർ.
അടുത്ത നിമിഷം അയാളുടെ പ്രൈവറ്റ് ഫോൺ ശബ്ദിച്ചു.
വിമുഖതയോടെ അതെടുത്തു നോക്കിയ മാസ്റ്ററുടെ നട്ടെല്ലിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞു. (തുടരും)