fire-manvila

1. തിരുവനന്തപുരം മൺവിള തീപിടിത്തത്തിൽ ഫാമിലി പ്ലാസ്റ്റിക്‌സിന് എതിരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ഫാമിലി പ്ലാസ്റ്റിക്‌സിന് ഇന്ന് നോട്ടീസ് നൽകും. 7 ദിവസത്തിനകം മറുപടി നൽകണമെന്ന് നിർദ്ദേശം. മുൻപുണ്ടായ തീപിടിത്തത്തെ കുറിച്ച് അറിയിക്കാത്തതിനും കമ്പനിക്ക് വിമർശനം. പ്രദേശത്ത് വിഷപ്പുക ഇല്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്ഥിരീകരണം. അഗ്‌നിബാധയിൽ ഫയർ ഫോഴ്‌സിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും റിപ്പോർട്ടുകൾ നർണായകം ആകും.


2. തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രധാനമായും അന്വേഷണം നടത്തുന്നത്, മൂന്ന് ഏജൻസികൾ. ഫയർഫോഴ്‌സിനായി ടെക്‌നിക്കൽ ഡയറക്ടറാണ് അന്വേഷണം നടത്തുന്നത്. തീപിടിത്തം എങ്ങനെ ഉണ്ടായി, അഗ്‌നിബാധ നിയന്ത്രിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ സ്ഥാപനത്തിൽ ഉണ്ടായിരുന്നോ, അഗ്‌നിശമന മാനദണ്ഡങ്ങൾ സ്ഥാപനം പാലിച്ചിരുന്നോ എന്നിവയായിരിക്കും പ്രധാനമായും പരിശോധിക്കുക. സ്ഥാപനം മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന പ്രാഥമിക വിലയിരുത്തൽ വന്ന സാഹചര്യത്തിൽ ഫയർഫോഴ്‌സിന് റിപ്പോർട്ടിന് പ്രാധാന്യമുണ്ട്.


3. അളവിൽ കവിഞ്ഞ അസംസ്‌കൃത വസ്തുക്കൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കമ്പനിക്ക് വിശദീകരണം നൽകേണ്ടിവരും. മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോർഡിന് ബോധ്യപ്പെട്ടതിനാൽ എൻ.ഒ.സി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് സാധ്യത. പൊലീസ് അന്വേഷണം പ്രധാനമായും ഊന്നുന്നത് അട്ടിമറി സാധ്യത സംബന്ധിച്ചാണ്. ഈ റിപ്പോർട്ടുകൾ സർക്കാരിന് മുന്നിലെത്തുന്നത് അനുസരിച്ചായിരിക്കും സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുകുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.


4. ബാർക്കോഴ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കെ.എം മാണി നൽകിയ ഹർജിയിൽ ഹൈക്കോടതി വി.എസിനെ കക്ഷി ചേർത്തു. ഹൈക്കോടതി പരിഗണിച്ചത്, തുടരന്വേഷണവുമായി ബന്ധപ്പെട്ട് വി. എസ് അച്യുതാനന്ദനും കെ.എം. മാണിയും സമർപ്പിച്ച ഹർജികൾ. തുടരന്വേഷണത്തിന് സർക്കാരിന്റെ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്. 15ന് 2 ഹർജികളിലും കോടതി വിശദമായ വാദം കേൾക്കും.


5. വി.എസ്ിന്റെ വാദം പൊതു പ്രവർത്തകർക്കെതിരായ അന്വേഷണത്തിന് സർക്കാർ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വരുന്നതിന് മുമ്പുള്ള കേസായതിനാൽ അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമില്ല എന്ന്. എന്നാൽ മൂന്നു തവണ അന്വേഷിച്ച് അവസാനിപ്പിച്ച കേസിൽ തുടരന്വേഷണം നടത്താനുള്ള ഉത്തരവ് മൗലീക അവകാശങ്ങളുടെ ലംഘനമെന്ന് കെ.എം. മാണി.


6. മീടൂ ആരോപണത്തെ തുടർന്ന് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ഒഴിഞ്ഞ എം.ജെ അക്ബറിന് എതിരെ പുതിയ ആരോപണവുമായി മാദ്ധ്യമ പ്രവർത്തക. അക്ബർ തന്നെ പീഡിപ്പിച്ചതായി തുറന്ന കത്ത് എഴുതിയത്, അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമ പ്രവർത്തക പല്ലവി ഗൊഗോയ്. ഏഷ്യൻ ഏജിൽ ജോലി ചെയ്തിരുന്ന കാലത്ത് ആയിരുന്നു 22കാരിയായ തനിക്ക് അക്ബറിൽ നിന്ന് മോശം അനുഭവം ഉണ്ടായത് എന്ന് പല്ലവി.


7. ഒരു തവണ ഓഫീസിൽ വച്ച് അക്ബർ തന്നെ ചുംബിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ ഞെട്ടിയ താൻ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീടും ഇതുപോലെ നിരവധി ദുരനുഭവങ്ങൾ ഉണ്ടായി. ഈ സംഭവങ്ങൾക്കു ശേഷം താൻ മാനസികമായി തകർന്നു എന്നും പല്ലവി. തന്റെ കൗമാരക്കാരിയായ മകൾ കൂടി മനസിലാക്കാൻ ആണ് ഇക്കാര്യങ്ങൾ ഇപ്പോൾ തുറന്നു പറയുന്നത് എന്നും പല്ലവി.


8. മണ്ഡല മകര വിളക്കിന് മുന്നോടിയായി ശബരിമലയിൽ സൗകര്യങ്ങൾ വിലയിരുത്തി സർക്കാർ. നിലക്കൽപമ്പ റൂട്ടിലെ കെ.എസ്.ആർ.ടി.സി. ബസുകളിൽ ഇരുപതു ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാൻ സർക്കാർ തീരുമാനം. സ്ത്രീകൾ ഇല്ലെങ്കിൽ മാത്രമേ ഈ സീറ്റുകളിൽ പുരുഷൻമാർക്ക് ഇരിക്കാനാകൂ. വനിതാ കണ്ടക്ടർമാരും ഇവിടെ ഡ്യൂട്ടിയിലുണ്ടാവും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പമ്പയിലും സന്നിധാനത്തും കൂടുതൽ വനിതാ പൊലീസിനെ നിയോഗിക്കും. 18ാം പടിയിൽ വനിതാ പൊലീസിനെ നിയോഗിക്കാൻ തീരുമാനിച്ചിട്ടില്ല.


9. നിലയ്ക്കലിൽ പതിനായിരം പേർക്കുള്ള വിശ്രമ സൗകര്യം ഏർപ്പെടുത്തും. 20 ലക്ഷം ലിറ്റർ വെള്ളം എത്തിക്കാനുള്ള നടപടിയാണ് സ്വീകരിച്ചിരുന്നത്. സ്ത്രീകൾ കൂടുതലായി എത്തും എന്നതിനാൽ അഞ്ചു ലക്ഷം ലിറ്റർ അധിക വെള്ളം സംഭരിക്കാൻ നടപടിയെടുക്കും. സ്ത്രീകൾക്കു പ്രത്യേക ക്യൂ ഒരുക്കാനാകില്ല. അതിനു തയാറുള്ളവർ മാത്രം ശബരിമലയിലേക്കു വന്നാൽ മതി. സ്ത്രീകൾക്കും വെർച്വൽ ക്യൂ ബുക്കിങ് സൗകര്യം ഏർപ്പെടുത്തും.


10. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ സ്ത്രീകൾക്കായി പ്രത്യേകം ശൗചാലയങ്ങൾ നിർമ്മിക്കും. ഇവയ്ക്ക് പ്രത്യേകം നിറം നൽകും. നിലവിൽ പമ്പയിൽ സ്ത്രീകൾ ഉപയോഗിക്കുന്ന കടവിൽ കൂടുതൽ സൗകര്യമൊരുക്കും സന്നിധാനത്തേക്കുള്ള വഴിയിൽ എവിടെയെങ്കിലും വെളിച്ച കുറവുണ്ടെങ്കിൽ പരിഹരിക്കും എന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പമ്പയും സന്നിധാനവും സ്ത്രീ സൗഹൃദം ആക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ വനഭൂമി വിട്ടുതരാൻ ആവശ്യപ്പെടും എന്ന് ദേവസ്വം ബോർഡ്.