പത്തനംതിട്ട: ശബരിമലയിൽ നിന്നും മടങ്ങുന്നതിനിടെ മരിച്ച നിലയിൽ കാണപ്പെട്ട പത്തനംതിട്ട പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസൻ ആർ.എസ്.എസ് പ്രവർത്തകരുടെ ഭീഷണി നേരിട്ടിരുന്നതായി ആരോപണം. വഴിത്തർക്കവുമായി ബന്ധപ്പെട്ട് അയൽവാസികളും ആർ.എസ്.എസ് - ബി.ജെ.പി അനുഭാവികളുമായ ചിലർക്കെതിരെ ശിവദാസൻ പന്തളം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇക്കാര്യം പൊലീസ് വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് 26/04/2018ൽ നൽകിയ പരാതി നിലനിൽക്കുമ്പോഴാണ് ശിവദാസനെ മരിച്ച നിലയിൽ പ്ലാപ്പള്ളിക്ക് സമീപമുള്ള കമ്പകത്തും വളവിൽ വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്.
ശിവദാസന്റെ വീട്ടിലേക്ക് പോകുന്ന നടവഴിയിൽ അയൽവാസികളായ ചിലർ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ശിവദാസന്റെ ഇരുചക്രവാഹനം ഇത് വഴി കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് കൂടി ഇവർ നിലപാടെടുത്തതോടെ പന്തളം പൊലീസിനെ സമീപിച്ചു. അയൽവാസികൾ തന്റെ വാഹനം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ ആരോപിച്ചിരുന്നു. പിറ്റേ ദിവസം എതിർകക്ഷികളെ സ്‌റ്റേഷനിൽ വിളിച്ച് വരുത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. ശിവദാസനെ ഇനി ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പ് നൽകിയാണ് ഇവർ മടങ്ങിയത്. എന്നാൽ ഇതിന് ശേഷം പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ ശിവദാസനെ സമീപിച്ചിരുന്നതായി ആരോപണമുണ്ട്. പരാതി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ തല്ലിക്കൊന്ന് കൊക്കയിലെറിയുമെന്ന് ആർ.എസ്.എസ് നേതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു.
അതേസമയം, ശിവദാസന്റെ മരണം അപകടം മൂലമായിരിക്കാമെന്ന് പന്തളം പൊലീസ് വ്യക്തമാക്കി. വളരെ അപകടം പിടിച്ച സ്ഥലമാണ് കമ്പകത്തും വളവ്. അയൽവാസികളുമായി നിലനിന്നിരുന്ന വഴിത്തർക്കം മൂലം മാനസികമായി ഏറെ അസ്വസ്ഥനായിരുന്നു ശിവദാസൻ. ഇതാകാം അപകടത്തിലേക്ക് വഴിവച്ചത്. എന്നാൽ കൂടുതൽ കാര്യങ്ങൾ വിശദമായ പരിശോധനയ്‌ക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ എന്നും പന്തളം പൊലീസ് വ്യക്തമാക്കി. മറ്റ് ദുരൂഹതകൾ ഇപ്പോൾ കണ്ടെത്തിയിട്ടില്ല. എന്നാൽ എല്ലാ സാധ്യതകളും അന്വേഷിക്കുമെന്നും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അയ്യപ്പഭക്തനായ ശിവദാസനെ ശബരിമലയിലുണ്ടായ സംഘർഷത്തിനിടെ കേരള പൊലീസ് കൊലപ്പെടുത്തിയതാണെന്ന ബി.ജെ.പി വാദം പൊളിക്കുന്നതാണ് പൊലീസിന്റെ കണ്ടെത്തൽ.