me-too-campaign

സിനിമയിലും പൊതുമേഖലയിലും തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗിക ദുരുപയോഗങ്ങളെ കുറിച്ച് സ്ത്രീകൾ തുറന്നു പറയുന്ന വേദിയാണ് മീ ടൂ. എന്നാൽ, തെന്നിന്ത്യൻ സിനിമാ മേഖലയിൽ ആദ്യമായി ഒരു നടിക്കെതിരെ ലൈംഗിക പരാതിയുമായി എത്തിയിരിക്കുകയാണ് മറ്റൊരു നടി. തിയേറ്റർ ആർട്ടിസ്റ്റായ അനന്യ രാമപ്രസാദാണ് നടി മായ എസ്. കൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.

തൊടരി, മകളിയർ മട്ടും എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മായ. ഷങ്കർ രജനീകാന്ത് ടീമിന്റെ എന്തിരൻ 2.0യിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് താരം. മികച്ച നടിക്കുള്ള അവാർഡ് വാങ്ങിച്ച നടിയാണ് അനന്യ. ഇരുവരും ഒരു വർഷം മുൻപുവരെ ഇണപിരിയാത്ത സുഹൃത്തുക്കളുമായിരുന്നു.
ഫെയ്സ്ബുക്കിലൂടെയാണ് അനന്യ മായയ്‌ക്കെതിരെയുള്ള വെളിപ്പെടുത്തൽ നടത്തിയത്. മായ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും അതിന്റെ ആഘാതത്തിൽ നിന്ന് താൻ ഇതുവരെ കരകയറിയിട്ടില്ലെന്നും അനന്യ പറയുന്നു.

ഒരു പുരുഷനായിരുന്നു തന്നെ പീഡിപ്പിച്ചതെങ്കിൽ അത് തിരിച്ചറിയാൻ എളുപ്പമായിരുന്നു. എന്നാൽ പീഡിപ്പിച്ചത് ഒരു സ്ത്രീയായതുകൊണ്ടാണ് ഞാൻ വിഷമിച്ചത്. ഏറെ ചികിത്സയ്ക്കുശേഷമാണ് താൻ അനുഭവിച്ച ദുരിതത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതെന്നും താരം പറയുന്നു. കുറിപ്പിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ: '2016ലാണ് ഞാൻ ആദ്യമായി എന്നെ അധിക്ഷേപിച്ചയാളെ കാണുന്നത്. അന്നെനിക്ക് പതിനെട്ടും അവൾക്ക് 25 ഉം വയസായിരുന്നു. എന്റെ ആദ്യ പ്രൊഡക്ഷന്റെ റിഹേഴ്സൽ സമയമായിരുന്നു. റിഹേഴ്സലിന്റെ സമയത്ത് എന്നിൽ പ്രത്യേക താത്പര്യം കാണിച്ചപ്പോഴും വഴികാട്ടിയാകുന്നതുവഴി എനിക്ക് മികച്ചൊരു ഭാവിയുണ്ടാകുമെന്ന് പറഞ്ഞപ്പോഴും ഞാൻ അവരെ പൂർണമായി വിശ്വസിച്ചു. ക്രമേണ അവർ എന്റെ ജീവിതത്തിൽ മറ്റാരെക്കാട്ടിലും പ്രാധാന്യമുള്ളവരായി. ക്രമേണ അവർ !*! എന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

ഞാനുമായി ഒരു ലൈംഗിക ബന്ധം ആരംഭിച്ചു. തനിച്ചു താമസിക്കുന്ന അവരുടെ വീട്ടിൽ അവർക്കൊപ്പം അന്തിയുറങ്ങുന്നതും കഴിയുന്നതും പതിവായി ഒരേ കിടക്കയിലായിരുന്നു ഞങ്ങൾ ഉറങ്ങിയിരുന്നത്. തുടക്കത്തിലെങ്കിലും യാതൊരു ലൈംഗികതൃഷ്ണയും കൂടാതെയായിരുന്നു ഞങ്ങൾ കിടന്നിരുന്നത്. പിന്നെ പതുക്കെ എന്നെ കെട്ടിപ്പിടിച്ചു. നെറ്റിയിൽ ചുംബിച്ചു. പിന്നെ കഴുത്തിലും കവിളിലുമായി ചുംബനം. പിന്നെ കഥായാകെ മാറി. ഞാൻ വല്ലാതെ ഭയന്നു. കെണിയിൽ പെട്ടതുപോലെയായി. ഞാൻ ആകെ ആശങ്കയിലായി. വൈകാരികമായി ആകെ തകർന്ന അവസ്ഥയിലായി. ഇങ്ങനെയൊക്കെ പെരുമാറുന്നതിന് അവർ എന്നെ ശകാരിച്ചു.

സുഹൃത്തുക്കൾക്കിടയിൽ ഇതൊക്കെ സാധാരണമാണെന്നായിരുന്നു അവരുടെ മറുപടി. ഉള്ളിൽ ആശങ്കയും വിഷമവും ഉള്ളപ്പോഴും ഇതെല്ലാം സ്വാഭാവികമാണെന്ന് കരുതാൻ ഞാനും നിർബന്ധിതയായി.

ഈ പോസ്റ്റ് കണ്ട് മായ പീഡിപ്പിച്ച മറ്റുള്ളവർക്കും എല്ലാം തുറന്നു പറയാനുള്ള ധൈര്യം കിട്ടുമെന്നാണ് എന്റെ വിശ്വാസം. എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ. നിശബ്ദരായി ഇരുന്നാൽ അത് പീഡകരെ സഹായിക്കുന്നതിന് തുല്ല്യമാവും. ധൈര്യം സംഭരിച്ച് മുന്നോട്ടുവരൂ. നിങ്ങളെ സഹായിക്കാൻ ഞാനുണ്ട്. ഇനിയും എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇത്തരം ദുരനുഭവത്തിലൂടെ പോകരുതെ'ന്നും അനന്യ കുറിപ്പിൽ പറയുന്നു.


നിയമപരമായി നേരിടും
അനന്യയുടെ വിമർശനത്തെ നിയമപരമായി നേരിടുമെന്നാണ് മായ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. താരം ഉന്നയിച്ച വിമർശനങ്ങളും അപവാദവുമൊക്കെ പച്ചക്കള്ളമാണെന്നും മായ പറയുന്നു. ഞാൻ അവരെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. പതിനെട്ട് വയസുള്ള ഒരു പെൺകുട്ടിയെ സഹായിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ ഉപദ്രവിച്ചിട്ടില്ല. ഇനി ഒരിക്കലും ഞാൻ അതിന് മുതിരുകയുമില്ല.

എന്റെ പ്രതിഛായ നശിപ്പിക്കാൻ വേണ്ടി മാത്രമാണ് അനന്യ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പറയുന്നതെല്ലാം അസത്യമാണ്. അനന്യയുടെ ഈ നീക്കം എനിക്കും കുടുംബത്തിനും കടുത്ത മാനസികാഘാതം ഏൽപ്പിച്ചിട്ടുണ്ട് എന്നും മായ പറയുന്നു.