തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ താനില്ലെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യ രാജേഷ്. അടുത്തിടെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം വ്യക്തമാക്കിയത്. എ.എൽ. വിജയ് ഒരുക്കുന്ന ചിത്രത്തിലാണ് ഒരു പ്രധാന കഥാപാത്രമായി ഐശ്വര്യ എത്തുമെന്ന് വാർത്തകൾ വന്നത്. മികച്ച പരീക്ഷണ കഥാപാത്രങ്ങൾ തന്നെത്തേടി വരുന്നുണ്ടെന്നും അതിൽ സംതൃപ്തയാണെന്നും താരം പറഞ്ഞു. കഥാപാത്രത്തിന്റെ ദൈർഘ്യമല്ല പ്രാധാന്യം മാത്രമാണ് നോക്കാറുള്ളത്.
സിനിമയിൽ നിന്ന് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലാത്തതിനാൽ തന്നെ മീ ടുവിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തുന്നില്ലെന്നും ഐശ്വര്യ വ്യക്തമാക്കി. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തിൽ വിക്രമിന്റെ നായികയാണ് ഐശ്വര്യ. ഈ ചിത്രം ഡിസംബർ 21ന് റിലീസ് ചെയ്യും. ശിവ കാർത്തികേയൻ ആദ്യമായി നിർമ്മിക്കുന്ന കനാ, രതീന്ദ്രൻ ആർ. പ്രസാദ് സംവിധാനം ചെയ്യുന്ന ഇത് വേതാളം സൊല്ലും കഥൈ, വിജയ് സേതുപതിയുടെ ഇടം പൊരുൾ ഏവൽ എന്നിവയാണ് ഐശ്വര്യയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.