fishermen-home

തിരുവനന്തപുരം: സർക്കാർ തങ്ങൾക്കായി ഒരുക്കിയ സുരക്ഷിത ഭവനങ്ങൾക്ക് നന്ദി പറഞ്ഞ് മത്സ്യത്തൊഴിലാളികൾ. പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവന്തപുരം മുട്ടത്തറയിൽ 192 കുടുംബങ്ങൾക്കായി നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു.

കുടിലിൽ നിന്ന് പുതിയ വീട്ടിലേക്കെത്തിയപ്പോൾ തനിക്ക് തോന്നിയത് അത്ഭുതലോകം പോലെയായിരുന്നെന്ന് ബേബി പറയുന്നു. 'രണ്ടു കിടപ്പു മുറികളും സ്വീകരണമുറിയും അടുക്കളയുമെല്ലാമുളള അടിപൊളി വീട് ഇനി സ്വന്തമാണെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഇനി കടൽക്കലിയെ പേടിക്കണ്ടല്ലോ' -ബേബിയുടെ വാക്കുകളിൽ ആഹ്ളാദം നിറഞ്ഞിരുന്നു.

മൂന്നര ഏക്കർ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂണിറ്റുകളിലായാണ് 192 ഭവനങ്ങൾ നിർമ്മിച്ചത്. ഓരോ ഭവനത്തിലും രണ്ട് കിടപ്പുമുറികൾ, ഒരു ഹാൾ, ഒരു അടുക്കള എന്നീ സൗകര്യങ്ങളാണുള്ളത്. മത്സ്യബന്ധനോപകരണങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 20 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. നിർമ്മാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റി നിശ്ചയിച്ചതിലും നേരത്തെ ഭവനസമുച്ചയം പൂർത്തിയാക്കുകയായിരുന്നു.