-sabarimala-protest

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നടന്ന അതിക്രമങ്ങളിൽ പ്രതികളാക്കി പൊലീസ് അറസ്‌റ്റ് ചെയ്യുന്നവർക്കെതിരെ കൃത്യമായ തെളിവുകൾ വേണമെന്ന് ഹൈക്കോടതി. കുറ്റകൃത്യത്തിൽ വ്യക്തമായ പങ്കുള്ളവരെ മാത്രമേ അറസ്‌റ്റ് ചെയ്യാവൂ എന്നും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ശബരിമലയിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, ശബരിമലയുടെ പേരിൽ സംഘർഷമുണ്ടാക്കാൻ കോടതിയെ ഉപയോഗിക്കരുതെന്നും ഹൈക്കോടതി ഹർജിക്കാർക്ക് മുന്നറിയിപ്പ് നൽകി. അയ്യപ്പഭക്തൻ പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടുവെന്ന ഹർജിയിലാണ് കോടതിയുടെ പരാമർശം. ശബരിമല സംഘർഷങ്ങളിൽ ഭാഗമാകാനില്ലെന്നും കോടതി അറിയിച്ചു. കോടതിയെ ശബരിമല വിഷയത്തിലേക്ക് വലിച്ചിഴക്കേണ്ട. വിഷയത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹർജി തിങ്കളാഴ്‌ച പരിഗണിക്കാനായി പിന്നീട് മാറ്റി.