oli

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശോഭനമായ ഭാവിക്ക് വേണ്ടി താങ്ങായും തണലായും നിൽക്കേണ്ടവരാണ് അദ്ധ്യാപകർ. വിദ്യാർ‌ത്ഥികൾ നേരിടുന്ന ഏത് പ്രതിസന്ധികളിലും കൈവിടാതെ ഉയർത്തിക്കൊണ്ടുവരാനും അദ്ധ്യാപകരെ കൊണ്ട് കഴിക്കണം. എന്നാൽ ഇവിടെ പതിനാലുകാരിയായ ഷിഫയുടെ ജീവിതത്തിൽ ഇതല്ല സംഭവിച്ചത്. അവളുടെ പഠനവും ജീവിതവും സ്വപ്നവും വഴിമുട്ടിക്കാൻ അദ്ധ്യാപകർ കാരണക്കാരായാലോ?

വയനാട് അമ്പലവയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ഒലി അമൻ ജോധ (ഷിഫ ഫാത്തിമ) യാണ് അദ്ധ്യാപകരെ പേടിച്ച് ഒരു വർഷമായി സ്കൂളിൽ പോകാതെ കഴിയുന്നത്. സ്‌കൂളിലെ പന്ത്രണ്ടോളം അദ്ധ്യാപകരാണ് അവളുടെ ജീവിതം ദുരിതത്തിലാക്കുന്നത്.

ഒലി അമനും സഹപാഠികളും ചേർന്ന് സ്കൂളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചിരുന്നു. കുട്ടികളെയും അദ്ധ്യാപകരെയും തേൻകൃഷി പഠിപ്പിക്കാൻ പി.ടി.എയുടെയും പ്രിൻസിപ്പലിന്റെയും അനുമതിയോടെയാണ് ഇത് സ്ഥാപിച്ചത്. തേൻകൃഷി വിജയമായതോടെ 2017 നവംബറിൽ ദൂരദർശനിലെ ഹരിതവിദ്യാലയം പരിപാടിയുടെ അംഗീകാരം എത്തി. ബഹുമതി സ്‌കൂളിലെ അദ്ധ്യാപികയുടെ ബന്ധുവായ വിദ്യാർത്ഥിനിക്ക് നൽകാൻ ശ്രമം നടന്നതോടെ ഒലി പി.ടി.എയ്‌ക്ക് പരാതി നൽകി. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. അവാർഡ് വാങ്ങി സ്‌കൂളിലെത്തിയ ഒലിയെ കാത്തിരുന്നത് പീഡനങ്ങളായിരുന്നു.

വീഡിയോ

ചെറുപ്പത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചു പോയ ഒലിയെയും അമ്മ അമിയ താജിനെയും ഭീഷണികളോടെയാണ് സ്‌കൂൾ എതിരേറ്റത്. മാനസിക രോഗിയായി ചിത്രീകരിച്ച് അദ്ധ്യാപകർ തന്നെ ക്ലാസിലിട്ട് പൂട്ടിയെന്ന് ഒലി പറയുന്നു. എല്ലാം സഹിച്ചു. ഇക്കൊല്ലം ഒരു അവധി ദിവസം തേനീച്ചകളെ പരിചരിക്കാൻ സ്‌കൂളിലെത്തിയ ഒലി കാണുന്നത് തന്റെ ജീവനായ തേനീച്ചക്കൂടുകൾ നശിപ്പിച്ചിട്ടിരിക്കുന്നതാണ്. മുപ്പതോളം കൂടുകൾ എടുത്തുകൊണ്ടുപോയി. തേൻ അറകൾ തല്ലിത്തകർത്തു.

പി.ടി.എയുടെ നേതൃത്വത്തിൽ ഒലിയുടെ അമ്മ അമ്പലവയൽ പൊലീസിലും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകി. അദ്ധ്യാപകരാണ് പ്രതികളെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നാല് അദ്ധ്യാപകരെ സ്ഥലം മാറ്റി. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി വന്ന അദ്ധ്യാപകർക്ക് പക കൂടി. അവർ അസഭ്യം പറഞ്ഞും മറ്റും തന്നെ മാനസികമായി പീഡിപ്പിച്ചതായി ഒലി പറയുന്നു. ഒരു വർഷമായി സ്‌കൂളിൽ പോകുന്നില്ല. എങ്കിലും രേഖകളിൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഒലി. വീട്ടിലിരുന്ന് പഠിച്ച് പരീക്ഷ എഴുതാനാണ് തീരുമാനം. സിവിൽ സർവീസ് നേടണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. തേനീച്ചകൃഷിയിലെ മികവിന് ഫാർമേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ തേൻമിത്ര പുരസ്‌കാരം നൽകി ആദരിച്ച മിടുക്കിയാണ് ഒലി അമൻ ജോധ. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഒലിയും അമ്മയും ഗവേഷക വിദ്യാർത്ഥികൾക്കടക്കം തേനീച്ച കൃഷിയെക്കുറിച്ച് ക്ലാസെടുത്തും തേനീച്ച വളർത്തിയുമൊക്കെയാണ് ജീവിക്കുന്നത്.