ഹരിപ്പാട്: നാഗചൈതന്യം നിറഞ്ഞുനിൽക്കുന്ന മണ്ണാറശാല നാഗക്കാവിൽ ആയില്യ ദർശനത്തിന് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. പുള്ളുവൻപാട്ടിന്റെ ശബ്ദചൈതന്യവും പ്രാർത്ഥനകളും ഭക്തിസാന്ദ്രമാക്കിയ ഇന്നലത്തെ പകലിൽ കുടുംബകാർണവരുടെ മുഖ്യകാർമ്മികത്വത്തിൽ പൂജകൾ നടന്നു.
സർവാഭരണ വിഭൂഷിതനായ നാഗരാജാവിനെ കണ്ടുതൊഴാൻ പുലർച്ചെ മുതൽ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഭക്തർ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്ക് ഒഴുകുകയായിരുന്നു.
വെളുപ്പിന് 3.30ന് നട തുറന്നു. അഭിഷേകങ്ങൾ പൂർത്തിയാക്കി 6 മണിയോടെ കുടുംബ കാരണവർ ആയില്യം നാളിലെ പൂജകൾ തുടങ്ങി. വലിയമ്മ രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി. തുടർന്ന് ഇല്ലത്ത് നിലവറയ്ക്ക് സമീപം ഭക്തജനങ്ങൾക്ക് വലിയ അമ്മ ഉമാദേവി അന്തർജനം ദർശനം നൽകി. ഇളയമ്മ സാവിത്രി അന്തർജനവും സമീപത്ത് ഉണ്ടായിരുന്നു. നിവേദ്യത്തിന് ശേഷം രാവിലെ 10 മുതൽ ക്ഷേത്രം വക സ്കൂളിൽ പ്രസാദം ഊട്ട് ആരംഭിച്ചു. വലിയമ്മയുടെ അനാരോഗ്യം കാരണം ആയില്യം എഴുന്നള്ളത്തും തുടർന്നുള്ള പൂജകളും ഇല്ലായിരുന്നു.