ഉള്ളൂർ: മെഡിക്കൽ കോളേജിലെ എമർജൻസി ഓപ്പറേഷൻ തിയേറ്ററിനോട് ചേർന്നുള്ള ഒബ്‌സർവേഷൻ വാർഡിൽ രോഗികളെ നിരീക്ഷിക്കുന്നത് മൂട്ടക്കൂട്ടം. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കേണ്ട രോഗികളെ അതിന് തൊട്ടുമുമ്പ് നിരീക്ഷണത്തിനായി പ്രവേശിപ്പിക്കുന്ന വാർഡിലെ കിടക്കകളാണ് മൂട്ടകളുടെ താവളമായി മാറിയത്. കൈകാലുകൾ ഒടിഞ്ഞും മാരകമായി പരിക്കേറ്റും അത്യാഹിത വിഭാഗത്തിലെത്തുന്നവരെയും ഉടൻ ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തുന്നവരെയും ക്ലിനിക്കൽ പരിശോധനകളെല്ലാം പൂർത്തിയാക്കി ഈ ഒബ്‌സർവേഷൻ വാർഡിലാണ് പ്രവേശിപ്പിക്കുക. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പതിനഞ്ച് കട്ടിലുകളാണ് ഇവിടെയുള്ളത്.
ഇതിൽ ചുരുക്കം ചിലതിൽ മാത്രമാണ് പുതിയ മെത്തകളുള്ളത്. പഴകി പൊട്ടിപൊളിഞ്ഞ മെത്തകളിലാണ് മൂട്ടകളുടെ വാസം. ശസ്ത്രക്രിയയ്ക്കായി വെളള വസ്ത്രം ധരിച്ച് എത്തുന്നവരെ ഡ്രിപ്പ് നൽകി ഈ മൂട്ടവാസമുള്ള കിടക്കകളിലാണ് കിടത്തുക.
മൂട്ടയുള്ളതറിയാതെ കിടക്കുന്ന രോഗിയുടെ നഖം മുതൽ മുടിവരെ നിമിഷം കൊണ്ടാണ് മൂട്ടകൾ പൊതിയുക. കിടക്കകൾ ഒഴിവില്ലാത്തതിനാൽ മാറി കിടക്കാൻ കഴിയാത്ത ഇവിടെ ബെഡ് ഷീറ്റോ മറ്റോ വിരിച്ചുവേണം രോഗികൾ കഴിയാൻ. ആശുപത്രിയിൽ കിടക്കുമ്പോൾ ധരിക്കാനായി കൊണ്ടുവരുന്ന വസ്ത്രങ്ങളിലും മൂട്ടകൾ നിറയും.
ആയിരക്കണക്കിന് രോഗികൾ ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജിലെ ചില വാർഡുകളിലും മൂട്ടകളുടെ ശല്യം രൂക്ഷമാണ്.
ചില വാർഡുകളിൽ പാറ്റകളാണ് രോഗികളുടെ ഉറക്കം കെടുത്തുന്നത്. വാർഡുകളിലെ ടൈലുകളുടെ വിടവുകളിൽ കഴിയുന്ന ഇവ രാത്രിയിൽ കൂട്ടത്തോടെ പറന്നിറങ്ങുന്നത് രോഗികളുടെ ഉറക്കം കെടുത്തുന്നുണ്ട്. പഴയ കിടക്കകൾ മാറ്റുകയോ വാർഡുകളിൽ മൂട്ടനശീകരണം നടത്തി ശുചിത്വം ഉറപ്പാക്കുകയോ മാത്രമാണ് ഇതിനുള്ള പ്രതിവിധി.