അവിചാരിതമായി പോലീസുദ്യോഗത്തിൽ നിയമിതരാവുകയും, എന്നാൽ പിന്നീട് പല നൂലാമാലകളിലും ചെന്നകപ്പെടുകയും ചെയ്യുന്നവരുടെ കഥ മലയാളിസിനിമാപ്രേക്ഷകർക്ക് അപരിചിതമല്ല. 'നന്മ നിറഞ്ഞവൻ ശ്രീനിവാസൻ' പോലുളള സിനിമകളിലൂടെ 90 കളുടെ തുടക്കം മുതൽക്കു തന്നെ ഇത്തരം ധാരാളം സിനിമകൾ പുറത്തുവന്നിട്ടുണ്ട്. ആഷിക്ക് അബു സംവിധാനം ചെയ്ത 'ഡാഡി കൂൾ' ആണ് സമാനപ്രമേയമുളള അടുത്തിറങ്ങിയ മറ്റൊരു ചിത്രം. എന്നാൽ, പ്രകാശ് കുഞ്ഞൻ മൂരയിൽ സംവിധാനം ചെയ്ത 'തനഹ' ഇതേ പ്രമേയത്തെത്തന്നെ അൽപം വ്യത്യസ്തമായി സമീപിച്ച് കോമഡിത്രില്ലർ ചേരുവകളോടെ അവതരിപ്പിച്ചിരിക്കുകയാണ്.
പുതുമുഖതാരം അഭിലാഷ് നന്ദകുമാർ, അന്കമാലി ഡയറീസ്, മറഡോണ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ടിറ്റോ വിൽസൺ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തനഹ പോലീസ് കോൺസ്റ്റബിൾമാരായ രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്നു.
സുഹൃത്തുക്കളായ വിഷ്ണു (അഭിലാഷ്), റോയ് (ടിറ്റോ) എന്നിവർ ആശ്രിതനിയമനത്തിലൂടെ പോലീസ് കോൺസ്റ്റബിൾമാരായി നിയമിതർ ആയവരാണ്. ഇവരുടെ കൈയിൽ നിന്നും പാരപ്പാറ ജെയിംസ് എന്ന പ്രതി (ശ്രീജിത്ത് രവി) രക്ഷപ്പെട്ടുപോവുകയും, അയാൾ തുടർന്ന് ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കെല്ലാം ഇവർ കൂടി ഉത്തരവാദികളാവുകയും ചെയ്യുന്നു. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കൊലപാതകം കാര്യങ്ങളുടെ സ്ഥിതി കൂടുതൽ വഷളാക്കുകയും, അതിനെ കഥാനായകന്മാർ എങ്ങനെ നേരിടുന്നുവെന്നതുമാണ് കഥയുടെ ഇതിവൃത്തം.
പൂവാലനായ കോൺസ്റ്റബിൾ ആയി പുതുമുഖം അഭിലാഷ് നല്ല പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ പോലുളള സിനിമകളിൽ ഗൗരവക്കാരനായി മാത്രം പ്രേക്ഷകന് കണ്ടുശീലമുളള ടിറ്റോയുടെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് തനഹയിലേത്. തൃശ്ശൂരിനെയും പരിസരപ്രദേശങ്ങളെയും ആസ്പദമാക്കിയുളള കഥയായതിനാൽ ഭാഷാശൈലി സ്വതസിദ്ധമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഈ ജോലി ഭംഗിയായി ഇരുവരും നിർവഹിച്ചിരിക്കുന്നു. ആദ്യപകുതിയിൽ തുല്യപ്രാധാന്യത്തോടെയാണ് രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചതെന്കിലും, കഥാഗതി മുന്നോട്ടു നീങ്ങവേ അഭിലാഷിന്റെ കഥാപാത്രത്തിന് അറിഞ്ഞോ അറിയാതെയോ തീരുമാനങ്ങൾ എടുക്കുന്നതിലൂടെയും മറ്റും ഒരു നായകപരിവേഷം വരുന്നതായി കാണാം. ഇത് കൈയടക്കത്തോടെ തന്നെ അഭിലാഷ് കൈകാര്യം ചെയ്തിട്ടുണ്ട്. കളളൻ ജെയിംസ് ആയി ശ്രീജിത്ത് രവിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
സാജൻ പളളുരുത്തി, ഹരീഷ് കണാരൻ, സാജു കൊടിയൻ, കുളപ്പുളളി ലീല തുടങ്ങി കോമഡി താരങ്ങളുടെ ഒരു നിര തന്നെയുണ്ട് ചിത്രത്തിൽ. അവരെല്ലാം കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ടെന്കിലും നായകന്മാർ കോമഡി കൈകാര്യം ചെയ്ത രീതി എടുത്ത് പറയേണ്ടതാണ്. ത്രില്ലർ പശ്ചാത്തലത്തിൽ ഉളള സിനിമകൾക്കിടയിലും പ്രണയരംഗങ്ങളും പ്രണയഗാനങ്ങളുമെല്ലാം അനവസരത്തിൽ കാണിച്ച് മുഷിപ്പിക്കുന്ന സിനിമകളുടെ സ്ഥിരം രീതിയിൽ നിന്നും അൽപം വേറിട്ടുനിൽക്കുന്നുവെന്നതും തനഹയുടെ മറ്റൊരു പോസിറ്റീവ് ആണ്. നായകന്മാർക്ക് മരംചുറ്റി പ്രണയത്തിന് മാത്രമായുളള നായികമാരെയും ഈ ചിത്രത്തിൽ കാണാനാവില്ല.
ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ പ്രിയ പ്രകാശ് വാര്യരും സിനിമയിലെ ഒരു ഗാനരംഗത്ത് വരുന്നുണ്ട്. വിപിൻ സുധാകർ ഛായാഗ്രഹണം നൽകിയിരിക്കുന്ന ചിത്രത്തിൽ ഹരിനാരായണന്റെ വരികൾക്ക് റിജോഷ് ആലുവ സംഗീതം നൽകിയിരിക്കുന്നു. താര കല്യാൺ, ബാലചന്ദ്രൻ ചുളളിക്കാട്, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, നന്ദു, അഞ്ജലി അനീഷ്, എസ് പി ശ്രീകുമാർ, ഇർഷാദ്, രോഹിത് മേനോൻ, ശ്രുതിബാല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
നല്ല തമാശകൾക്കിടയിലും ചാണകത്തിൽ വീഴുന്നതുപോലുളള കണ്ടുമടുത്ത രംഗങ്ങൾ ചിരിപ്പിക്കാനായി അവതരിപ്പിക്കുന്നുവെന്നതും, ചില ദ്വയാർത്ഥപ്രയോഗങ്ങൾ വരുന്നുവെന്നതും, കല്ലുകടിയാവുന്നുണ്ട്. അത്തരം ചില രംഗങ്ങളും ക്ലൈമാക്സിനോടടുപ്പിച്ചുളള ഒരു രംഗം, കണ്ണീർസീരിയൽ നിലവാരത്തിലെന്ന പോലെ തോന്നിക്കുന്നുവെന്നതും ഒഴിച്ചുനിർത്തിയാൽ ബോറടിക്കാതെ കണ്ടിരിക്കാവുന്ന സിനിമയാണ് 'തനഹ'.