ന്യൂഡൽഹി: റാഫേൽ ഇടപാടിൽ അന്വേഷണം പ്രഖ്യാപിച്ചാൽ അത് മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. ഇക്കാര്യത്തിൽ തനിക്ക് ഉറപ്പ് പറയാൻ കഴിയും. ഡസോൾട്ട് ഗ്രൂപ്പുകാർ മോദിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇടപാടിൽ വിവാദച്ചുഴിയിൽ നിൽക്കുന്ന അനിൽ അംബാനിയുടെ റിലയൻസ് എയർപോർട്ട് ഡവലപേഴ്സ് ലിമിറ്റിഡ് (ആർ.എ.ഡി.എൽ) എന്ന കമ്പനിയിൽ ഡാസോൾട്ട് ഏകദേശം 40 ലക്ഷം യൂറോ ( 33 കോടി രൂപ) 2017 ൽ നിക്ഷേപിച്ചുവെന്ന വാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടത്തിലായിരുന്ന ആർ.എ.ഡി.എൽ ഇതിലൂടെ 284 കോടി രൂപ ലാഭമുണ്ടാക്കിയെന്നും വാർത്തയിൽ പറയുന്നു.
അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, ആർ.എ.ഡി.എല്ലിൽ അവർക്കുള്ള ഓഹരികളിൽ 34.7ശതമാനം ഡാസോൾട്ട് ഏവിയേഷനു വിറ്റുവെന്നു റിലയൻസിന്റെ രേഖകളിലുണ്ട്. ഡാസോൾട്ടിന്റെ രേഖകളിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 2015 – 16 സാമ്പത്തിക വർഷം 9 ലക്ഷവും 2016–17 വർഷം 10.35 ലക്ഷം നഷ്ടത്തിലായിരുന്നു ആർ.എ.ഡി.എൽ എന്നു കമ്പനി രേഖകൾ സൂചിപ്പിക്കുന്നു. വിമാനത്താവങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്ന കമ്പനിക്ക് 2009 ൽ മഹാരാഷ്ട്ര സർക്കാർ 63 കോടി രൂപയുടെ വിമാനത്താവള വികസന കരാർ നൽകിയിരുന്നു. എന്നാൽ, ഇതിന്റെ പ്രവർത്തനങ്ങളൊന്നും കാര്യമായി നടന്നിരുന്നില്ല.