padmanabha-swami-temple

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തുള്ള നവീകരണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി. ഡിസംബർ അവസാനത്തോടെ പ്രവർത്തനങ്ങൾ പൂർത്തിയാവും. പദ്മനാഭ സ്വാമി ക്ഷേത്രം ബന്ധപ്പെടുത്തിയുള്ള ടൂറിസം സർക്യൂട്ട് വികസനത്തിനായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ
വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ നാല് നടപ്പാതകളുടെ നവീകരണം 90 ശതമാനം പൂർത്തിയായി. 78.5 കോടി രൂപയാണ് പദ്ധതിച്ചെലവ്. തെരുവുവിളക്കുകൾ സ്ഥാപിക്കാനുള്ള വൈദ്യുത കേബിളുകൾ സ്ഥാപിച്ചുകഴിഞ്ഞു. തെരുവുവിളക്കുകളുടെ തൂണുകൾ മാത്രമാണ് ഇനി സ്ഥാപിക്കാനുള്ളത്.


ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ നവീകരണം അടുത്തയാഴ്ച തുടങ്ങും. വടക്കേനടയിൽ നിന്ന് ആരംഭിച്ച് പത്മതീർത്ഥം ചുറ്റി വെട്ടിമുറിച്ച കോട്ട വഴി പടിഞ്ഞാറേക്കോട്ടയിൽ എത്തുന്ന പ്രധാന റോഡാണ് ഇത്. ടാറിംഗും തെരുവുവിളക്ക് സജ്ജീകരിക്കുന്നതുമായ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുക.


ക്ഷേത്രത്തിൽ എത്തുന്ന സന്ദർശകർക്കായി വടക്കേനടയിൽ രണ്ട് കോംപ്ലക്‌സുകൾ ഒരുക്കുന്നുണ്ട്. ഇവിടെ കഫറ്റേരിയ, വിശ്രമമുറി, കാത്തിരിപ്പുകേന്ദ്രം, മെഡിക്കൽ റൂം, ശൗചായലം, കോൺഫറൻസ് ഹാൾ, കരകൗശല ഉത്പന്നങ്ങളുടെ വില്പനകേന്ദ്രം എന്നിവയാണ് ഉണ്ടാവുക.


പാഞ്ചജന്യം കെട്ടിടത്തിന് സമീപത്തുള്ള പത്തായപുരയുടെ നവീകരണം ഇതോടൊപ്പം നടക്കുന്നുണ്ട്. കരകൗശല ഉത്പന്നങ്ങളുടെ ഉത്പാദനംപ്രദർശനംവില്പന എന്നിവയാണ് ഇവിടെ ഉണ്ടാവുക. പദ്ധതിക്ക് വകയിരുത്തിയതി. 50 ശതമാനം തുക ഇതിനോടകം കേന്ദ്രം അനുവദിച്ചുകഴിഞ്ഞു. തുകയിൽ 16 കോടി രൂപ മാത്രം ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾക്കാണ് ചെലവിടുന്നത്.ക്ഷേത്രത്തിൽ എത്തുന്ന വിശ്വാസികൾക്കായി താമസിക്കാനുള്ള സൗകര്യം നവീകരണത്തിന്റെ ഭാഗമായി പാഞ്ചജന്യം കെട്ടിടത്തിൽ ഒരുക്കുന്നുണ്ട്. റൂമുകൾ, ഡോർമെറ്ററികൾ എന്നിവയാണവ. എന്നാൽ ഇതിന്റെ ചെലവ് ക്ഷേത്രം ഫണ്ടിൽ നിന്നാണ് വഹിക്കുന്നത്.


നവീകരണപ്രവർത്തനങ്ങളെ അനൗദ്യോഗികമായി രണ്ട് ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്. നടപ്പാതകളുടെ നവീകരണവും പത്മതീർത്ഥക്കുളത്തിന്റെ നവീകരണവുമായി ആദ്യഘട്ടം. ഇവ ഈമാസം പൂർത്തിയാവും. അതിനാൽ നവംബർ അവസാനം പ്രാഥമിക ഉദ്ഘാടനം നിർവഹിക്കാൻ അധികൃതർക്ക് നീക്കമുണ്ട്. സർക്കാരിന്റെ അനുമതി കൂടി ലഭിച്ച ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അല്ലെങ്കിൽ ഡിസംബറിലായിരിക്കും ഉദ്ഘാടനം. കേരള സംസ്ഥാന നിർമിതി കേന്ദ്രം, സംസ്ഥാന ഹൗസിംഗ് ബോർഡ്, സംസ്ഥാന ഇൻഡസ്ട്രിയൽ എന്റർപ്രൈസ് എന്നിവയാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.


ഇതിന് പുറമേ തിരുവനന്തപുരം സ്മാർട്ട് സിറ്രി പദ്ധതിയിൽ ഉൾപ്പെടുത്തി ഏതാനും നവീകരണപ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 10 കോടിയോളം രൂപയുടെ പദ്ധതിയാണിത്. ഇതുപ്രകാരം ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തീരുമാനിക്കും.