തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണങ്ങളിൽ ചാർത്തിയ വിലയേറിയ വൈരങ്ങളും രത്നങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരിയുടെ വെളിപ്പെടുത്തൽ. ഇത് കണ്ടത്തേണ്ടത് ദേവപ്രശ്നത്തിലൂടെയല്ലെന്നും ശരിയായ അന്വേഷണത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കാര്യത്തിന്റെ ഗൗരവം മനസിലാക്കി അന്വേഷണം നടത്തണമെന്നും സന്ദീപാനന്ദ ഗിരി ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ്ക്ലബിൽ മാദ്ധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആർ.എസ്.എസിനാണെന്ന് സന്ദീപാനന്ദഗിരി ആവർത്തിച്ചു. മുഖ്യമന്ത്രിയുൾപ്പടെയുള്ള നേതാക്കൾ സ്ഥലം സന്ദർശിച്ച് പിന്തുണ ഉറപ്പുനൽകി. എന്തുകൊണ്ടാണ് ബി.ജെ.പി നേതാക്കളാരും ആശ്രമം സന്ദർശിക്കാതിരുന്നതെന്നും സന്ദീപാനന്ദ ഗിരി ചോദിച്ചു. അതേസമയം, വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞുവിട്ടെന്ന ആരോപണത്തെ അദ്ദേഹം തള്ളി. അക്രമം നടക്കുന്നതിന്റെ തലേദിവസം മോട്ടോറിന്റെ സ്വിച്ച് എവിടെയാണെന്ന് അറിയില്ലെന്ന് പറഞ്ഞതിന് ശകാരിച്ചിരുന്നു. തുടർന്ന് അയാൾ തന്നെയാണ് ഇനി മുതൽ വരുന്നില്ലെന്ന് അറിയിച്ചത്. ഇതേ പറ്റി അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.