കോട്ടയം: തീൻ മേശയിൽ മാനിറച്ചി, വനിതാ പഞ്ചായത്ത് അംഗം അറസ്റ്റിൽ. മറയൂർ പഞ്ചായത്തിലെ 13ാം വാർഡ് അംഗം സി.പി.എമ്മിലെ സഹായമേരിയാണ് (38) അറസ്റ്റിലായത്. മറയൂർ റേഞ്ച് ഓഫീസർ ജോബ് ജെ. നര്യാംപറമ്പിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് വേവിച്ച മൂന്നു കിലോയോളം മാനിറച്ചി കണ്ടെത്തിയത്. പാകം ചെയ്ത പാത്രങ്ങളും മാനിറച്ചിയും വനപാലകർ കസ്റ്റഡിയിലെടുത്തു. സഹായമേരിയുടെ ഭർത്താവ് പോൾ രാജ്, സഹോദരൻ വില്ലരശൻ എന്നിവർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവർക്ക് എവിടെനിന്നാണ് മാനിറച്ചി കിട്ടിയതെന്ന കാര്യം അറിവായിട്ടില്ല. ചന്ദനറിസർവിൽ നിന്ന് വേട്ടയാടി പിടിച്ച മാനിനെ ഇറച്ചിയാക്കി വീട്ടിൽ സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്തതായാണ് സൂചന. പഞ്ചായത്ത് അംഗത്തെ തൃപ്തിപ്പെടുത്താൻ ആരെങ്കിലും വേട്ടയാടിയ മാൻ ഇറച്ചി വീട്ടിൽ കൊണ്ടുപോയി കൊടുത്തതാകാമെന്നും സംശയമുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.