accident

വെമ്പായം: കെ.എസ്.ആർ.ടി.സി ബസും പിക്ക്അപ്പ് ആട്ടോയും കൂട്ടിയിടിച്ച് മത്സ്യ വില്പനക്കാരനായ യുവാവ് മരിച്ചു. വേറ്റിനാട് മണ്ഡപം, വിനോദ് ഭവനിൽ, വിനോദ് (32, സക്കീർ ) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ന് കന്യാകുളങ്ങര പെരുങ്കൂർ ജംഗ്ഷനിലായിരുന്നു അപകടം. കന്യാകുളങ്ങര ഭാഗത്തു നിന്ന് മത്സ്യ വില്പന നടത്തി വട്ടപ്പാറയിലേയ്ക്ക് പോകുകയായിരുന്ന വിനോദിന്റെ പിക്ക്അപ്പ് ആട്ടോയിൽ കിഴക്കേക്കോട്ടയിൽ നിന്ന് വെഞ്ഞാറമൂടേക്ക് വരുകയായിരുന്ന സിറ്റി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആട്ടോ പൂർണമായും തകർന്നു . വിവരമറിഞ്ഞ് ഫയർഫോഴ്‌സെത്തിയെങ്കിലും അതിന് മുമ്പ് നാട്ടുകാർ വിനോദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സുറുമി. മകൾ: ആറുമാസം പ്രായമുള്ള ആദി.