ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടി നേരിടുമെന്ന് റിപ്പബ്ലിക് ടിവിയും സീ വോട്ടറും സംയുക്തമായി നടത്തിയ സർവേ പ്രവചനം. യു.ഡി.എഫിന് 16 സീറ്റുകൾ ലഭിക്കുമ്പോൾ എൽ.ഡി.എഫിന്റെ മുന്നേറ്റം വെറും നാല് സീറ്റിലൊതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു. നിലവിൽ കേരളത്തിലെ ആകെയുള്ള 20 സീറ്റുകളിൽ 12 സീറ്റുകൾ യു.ഡി.എഫിനും 8 സീറ്റുകൾ എൽ.ഡി.എഫിനുമുണ്ട്. എന്നാൽ ശബരിമല വിഷയത്തിൽ ജനവികാരം ആളിക്കത്തിച്ച് തെരുവിലിറങ്ങിയ ബി.ജെ.പി കഴിഞ്ഞ തവണത്തേക്കാൾ വോട്ട് ശതമാനം വർദ്ധിപ്പിക്കുമെങ്കിലും ഇക്കുറിയും അക്കൗണ്ട് തുറക്കുക അസാധ്യമാണെന്നും സർവേ തുടരുന്നു.
വിവിധ മുന്നണികൾ നേടുന്ന വോട്ട് ശതമാനം ഇങ്ങനെ:
യു.ഡി.എഫ്: 40.4 ശതമാനം
എൽ.ഡി.എഫ്: 21.93 ശതമാനം
എൻ.ഡി.എ: 17.5 ശതമാനം
സീറ്റുകൾ
യു.ഡി.എഫ്: 16 (നിലവിൽ 12)
എൽ.ഡി.എഫ്: 4 (നിലവിൽ 8)
എൻ.ഡി.എ:0 (നിലവിൽ 0)
ശബരിമല വിഷയത്തിൽ ആയിരങ്ങളെ തെരുവിലിറക്കാൻ ബി.ജെ.പിക്ക് സാധിച്ചെങ്കിലും അത് വോട്ടാക്കി മാറ്റാൻ കഴിയില്ലെന്നാണ് സർവേ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണത്തെ 10 ശതമാനം വോട്ടിൽ നിന്നും 17 ശതമാനത്തിലേക്ക് വർദ്ധിക്കുമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും പ്രതിനിധിയെ അയയ്‌ക്കാൻ ബി.ജെ.പിക്ക് കഴിയില്ല. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നേരിട്ടെത്തി റാലികൾ നടത്തിയതിന്റെ നേട്ടം കൊയ്യുന്നത് യു.ഡി.എഫായിരിക്കും. ഇന്ധനവില, നോട്ട് നിരോധനം തുടങ്ങിയ കാര്യങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്താൻ സി.പി.എമ്മിന് പകരം ജനങ്ങൾ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നാണ് വിലയിരുത്തൽ.
അതേസമയം, റിപബ്ലിക് ടി.വിയുടെ സർവേയിൽ പല പൊരുത്തക്കേടുകളും ഉണ്ടാകുമെന്നും വാദങ്ങൾ ഉയരുന്നുണ്ട്. മുന്നണികൾക്ക് ലഭിക്കുന്ന വോട്ട് ശതമാനത്തിലെ അന്തരമാണ് മിക്കവരും ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തെ രണ്ട് പ്രബല മുന്നണികൾ തമ്മിൽ 20 ശതമാനത്തോളം വോട്ട് ശതമാനത്തിൽ വ്യത്യാസമുണ്ടാകുന്നത് പതിവല്ലന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം.വരും ദിവസങ്ങളിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയാമെന്നും സർവേയിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇനിയും മാറാമെന്നും ഇക്കൂട്ടർ വാദിക്കുന്നു.