fahad-maniratnam

മലയാള സിനിമയിൽ പുതുതലമുറക്കാരിൽ ഏറ്റവും ശ്രദ്ധേയനായ താരമാണ് ഫഹദ് ഫാസിൽ. ചാപ്പാക്കുരിശ് എന്ന ചിത്രത്തിലൂടെ തന്റെ രണ്ടാംവരവ് ഗംഭീരമാക്കിയ ഫഹദ് ഇന്ന് മലയാള സിനിമയുടെ വേറിട്ട മുഖമായി മാറിക്കഴിഞ്ഞു.ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വരത്തനും ഫഹദ് ഫാസിൽ എന്ന നടന്റെ അഭിനയചാതുരിയുടെ ദൃഷ്‌ടാന്തമായിരുന്നു.

എന്താണ് സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം എന്ന് ചോദിച്ചാൽ, കുറസോവയുടെ പ്രശസ്‌തമായ ഒരു ക്വാട്ടാണ് ഫഹദിന്റെ ഉത്തരം. 'നമുക്ക് ഇഷ്‌ടമുള്ള സിനിമകളാണ് ചെയ്യേണ്ടത്. അല്ലാതെ മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ട സിനിമകളല്ല.മണിരത്‌നം സിനിമ വേണ്ടെന്ന് വച്ചിട്ട് ഞാൻ ചെയ്‌ത സിനിമ വരത്തനാണ്. എനിക്കത് കൊണ്ട് ഒരു നഷ്‌ടവും സംഭവിച്ചില്ല. -ഫഹദ് പറയുന്നു.

കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു തന്റെ ധീരമായ നിലപാടുകൾ ഫഹദ് പങ്കുവച്ചത്. മണിരത്നത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചെക്ക സിവന്ത വാനം എന്ന സിനിമയിൽ നിന്നാണ് ഫഹദ് പിന്മാറിയത്. അരവിന്ദ് സാമി, ചിമ്പു, വിജയ് സേതുപതി, ജ്യോതിക എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്‌സോഫീസിൽ പരാജയമായിരുന്നു.