ചെന്നൈ: സിനിമാപ്രേക്ഷകരുടെ ഹൃദയത്തിൽ കസേരവലിച്ചിട്ടിരുന്ന ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങിയ, വിജയ് സേതുപതിയും തൃഷയും മത്സരിച്ചഭിനയിച്ച 96". ഇരുവരുടെയും കഥാപാത്രങ്ങൾ മാത്രമല്ല, വേഷം കൂടിയാണ് ഹിറ്റാകുന്നത്. സിനിമയിൽ കൂടുതൽ സമയവും തൃഷയുടെ ജാനു എന്ന കഥാപാത്രം ധരിക്കുന്ന ആ മഞ്ഞ കുർത്തയാണ് ഈ ദീപാവലി വിപണിയിലെ താരം. ശുഭശ്രീ കാർത്തിക വിജയ് ആണ് ഈ മഞ്ഞകുർത്തയുടെ ഡിസൈനർ.
മഞ്ഞ ഒരു സന്തോഷത്തിന്റെ നിറമായതുകൊണ്ടും അത് തൃഷയുടെ നിറത്തിന് നന്നായി യോജിക്കുമെന്നുള്ളതുകൊണ്ടുമാണ് താനത് തിരഞ്ഞെടുത്തതെന്ന് ശുഭശ്രീ പറയുന്നു.
രാത്രി സീനുകളിലൊക്കെ പ്രകാശിച്ചുതിളങ്ങിനിൽക്കുന്ന തൃഷയുടെ മുഖത്തിന് പിന്നിലെ ഗുട്ടൻസ് ആ മഞ്ഞ കുർത്തയാണ്. അഹമ്മദാബാദിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിൽനിന്ന് പഠിച്ചിറങ്ങിയ ശുഭശ്രീയുടെ ആദ്യചിത്രമാണ് 96".