എണ്ണമറ്റ കഥകളിലൂടെയും നോവലുകളിലൂടെയും പുഴ പോലെ ഒഴുകിയെത്തിയ എം.മുകുന്ദനെ തേടി എഴുത്തച്ഛൻ പുരസ്കാരമെത്തിയപ്പോൾ അത് മലയാളത്തിന്റെ സുകൃതമായി മാറുകയായിരുന്നു. മയ്യഴിയെന്ന ഹിപ്നോട്ടിക് ഭൂമികയെ ലോകസാഹിത്യ ചക്രവാളത്തിലുയർത്തി നിറുത്തിയ മുകുന്ദന് മലയാളത്തിലെ ഏറ്റവും ഉന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതിൽ നാടാകെ ഉത്സവാന്തരീക്ഷത്തിലാണ്. മധുര പലഹാരങ്ങൾക്കും പൂച്ചെണ്ടുകൾക്കും നിലയ്ക്കാത്ത ഫോൺ വിളികൾക്കുമിടയിൽ മയ്യഴിയുടെ ഇതിഹാസ കഥാകാരൻ തന്നെക്കുറിച്ചും രചനയെക്കുറിച്ചുമെല്ലാം സംവദിച്ചു. പിന്നിട്ട അരനൂറ്റാണ്ടിലേറെക്കാലമായി മലയാള സാഹിത്യത്തിന്റെ ദിശാബോധം നിർണയിച്ചു കൊണ്ടിരിക്കുന്ന, മുമ്പേ പറക്കുന്ന ഈ സർഗപ്രതിഭയെ പുതുച്ചേരിക്കാരനായിട്ടും കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷ പദവിയിലേക്ക് അവരോധിച്ചത് മലയാളത്തിന് നൽകിയ അമൂല്യ സംഭാവനകൾ പരിഗണിച്ച് കൊണ്ടായിരുന്നു.
? എഴുത്തച്ഛൻ പുരസ്കാരലബ്ധിയിൽ എന്ത് തോന്നുന്നു .
സന്തോഷം. അഭിമാനം. ഈ ബഹുമതി മുൻപ് കിട്ടിയ ശ്രേഷ്ഠ സാഹിത്യകാരന്മാരുടെ ശ്രേണിയിൽ ഉൾപ്പെടാനായതിൽ ധന്യത തോന്നുന്നു
? മയ്യഴിയിലെ ഐതിഹ്യങ്ങളും പുരാണങ്ങളും തുമ്പികളായി പറന്നു നടക്കുന്ന മനസിനുടമയും, അടിമയുമാണെന്ന് പറയാറുണ്ടല്ലോ. .
മയ്യഴിയിൽ ഇരുപതും ദില്ലിയിൽ നാൽപ്പത് വർഷക്കാലവും ജീവിച്ച എനിക്ക് രണ്ടും ചേർന്നുള്ളതാണ് സ്വന്തം നാട് . എവിടെയാണോ നമ്മൾ ജീവിക്കുന്നത് അവിടെയാണ് നമ്മുടെ നാടും. എന്റെ മനസും അവബോധവും രൂപപ്പെട്ടത് മയ്യഴിയിൽവച്ചായിരുന്നു.അതുകൊണ്ട് തന്നെ ജൻമനാടിന്റെ ഓർമ്മകൾ ലോകത്തിന്റെ ഏത് കോണിലായിരുന്നാലും മനസിലെപ്പോഴുമുണ്ടാകും
? ആധുനിക മയ്യഴി പശ്ചാത്തലമാക്കി പുതിയൊരു നോവൽ കൂടി..
പുതിയ മയ്യഴിയെക്കുറിച്ചെഴുതുന്നത് പുതിയ എഴുത്തുകാർക്ക് വിട്ടുകൊടുക്കുന്നു. എഴുതാതിരിക്കാൻ ഒരു സ്വാർത്ഥത കൂടിയുണ്ട്. വർത്തമാനകാല പശ്ചാത്തലത്തിൽ ഒരു നോവലെഴുതിയാൽ നാടിന്റെ സ്നേഹം നഷ്ടപ്പെട്ടു പോകുമോയെന്ന ഭയം കൂടിയാണത്.
? യഥാതഥരചനയിൽ നിന്നും ഉത്തരാധുനികത വരെയെത്തിയ താങ്കൾ വീണ്ടും റിയലിസ്റ്റിക് രീതിയിലേക്ക് മടങ്ങി വരികയാണല്ലോ.
ചിന്തയും കാലവും മാറിക്കൊണ്ടിരിക്കും ആധുനിക സാഹിത്യം പോലും മാറ്റത്തെ ആഗ്രഹിക്കുന്നു. അത് മുള പൊട്ടിയ നാളിൽ എതിർത്തവർ പോലും ഇന്ന് അംഗീകരിച്ചിരിക്കുന്നു. മനുഷ്യരുടെ ആധിയും അവസ്ഥയെപ്പറ്റിയുള്ള സഹാനുഭൂതികളുമാണ് അന്ന് എഴുതിയിരുന്നത്.അങ്ങിനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ അന്ധവിശ്വാസവും അനാചാരങ്ങളും സാഹിത്യത്തിലും കടന്നു വന്നേനേ.
. ? മയ്യഴിയുടെ വർത്തമാനകാല അപചയങ്ങളെക്കുറിച്ച്
മയ്യഴിക്കു മാത്രമായി ഒരു അപചയമില്ല മദ്യവും അഴിമതിയും എല്ലായിടത്തുമുണ്ട്. പഴയ മൂല്യങ്ങളൊക്കെ സ്ഥാപനവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. മാറിയ ലോകത്തിന്റെ ഭാഗമാണ് മയ്യഴിയും എന്ന് മാത്രം എങ്കിലും മയ്യഴി കുറച്ചു കൂടി ഭേദപ്പെട്ട സ്ഥലമാണ്. ഇവിടെ മത ജാതീയ സ്പർദ്ധകളില്ല ഒരു പക്ഷേ അത് ഫ്രഞ്ചുകാരിൽ നിന്ന് കിട്ടിയതാവാം
? ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് ..
ശബരിമലയിലേത് അത്ര വലിയ പ്രശ്നമൊന്നുമല്ല.ചിലരത് സങ്കീർണമാക്കുകയാണ്.ഭരണഘടന പ്രകാരം കോടതി വിധി നടപ്പിലാക്കാൻ ഏതൊരു സർക്കാരും ബാദ്ധ്യസ്ഥരാണ്. സ്ത്രീകൾ പുരുഷന്മാരെപ്പോലെ സ്വതന്ത്രരാണ്. ആരും ആരെയും പ്രേരിപ്പിക്കേണ്ടതില്ല. പോകേണ്ടവർ പോകട്ടെ. എന്നാൽ തങ്ങൾക്ക് സ്വാതന്ത്ര്യം വേണ്ടെന്ന് സ്ത്രീകൾ തന്നെ തെരുവിലിറങ്ങി ഉറക്കെ പറയുന്നത് ലോകത്തെവിടെയും കാണില്ല. എത്ര ദേവിമാരും ഭഗവതിമാരുമൊക്കെ നമുക്കുണ്ട്. ആർത്തവം ജൈവശാസ്ത്രപരമായ ഒരു പ്രക്രിയ മാത്രമാണ്. സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവർ എന്തുകൊണ്ട് കേന്ദ്ര സർക്കാരിനെക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കുന്നില്ല.സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ പടർത്തുന്നത് അപകടകരമാണ്. ക്ഷേത്രപ്രവേശനം പോലും നിഷേധിക്കപ്പെട്ടവർ പുരോഹിതൻമാരായി മാറുന്ന കാലത്ത് ആർത്തവത്തിന്റെ പേരിൽ വിവാദങ്ങളും, കലാപവുമുണ്ടാക്കുന്നത് ശരിയല്ല.
? രചനാ രീതി... സമയദൈർഘ്യം .
'ദൽഹി 1981, കേവലം നാല് മണിക്കൂർ കൊണ്ടാണ് എഴുതിയതെങ്കിൽ 'ദൈവത്തിന്റെ വികൃതികൾ, നാല് കൊല്ലമെടുത്താണ് എഴുതിത്തീർത്തത്. കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ ഒന്നിലധികം പേരുടെ സ്വഭാവ വിശേഷങ്ങൾ ഒരു കഥാപാത്രത്തിൽ തന്നെ സന്നിവേശിപ്പിച്ച് പാകപ്പെടുത്തുന്ന രീതി അവലംബിക്കാറുണ്ട്. വായനക്കാരുടെ അഭിരുചി കൂടി എഴുത്തുകാർ കണക്കിലെടുക്കണം.
? പ്രായം എഴുത്തിനെ ബാധിക്കുന്നുണ്ടോ...
എഴുത്തുകാരനാവുന്നത് ഒരു പ്രക്രിയ മാത്രം. എഴുത്തുകാർ എല്ലാവരിലുമുണ്ട്. ഭാഷയുണ്ടായാൽ മതി. അടുത്ത പിറവിയിലും എഴുത്തുകാരനാവാൻ തന്നെയാണ് മോഹം. കമ്പ്യൂട്ടറിനെ ആശ്രയിച്ച് ഓർമ്മക്കുറവിനെ ഒരു പരിധി വരെ മറികടക്കാം. എങ്കിലും ശരീരത്തിന് ക്ഷീണമുണ്ട്. അതറിയാതെ മനസ് വേഗത്തിൽ ഓടുന്നുമുണ്ട്.