1. ഒരിടവേളയ്ക്ക് ശേഷം രാമക്ഷേത്ര നിർമ്മാണത്തിൽ നിലപാട് കടുപ്പിച്ച് ആർ.എസ്.എസ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ഉടൻ ഓർഡിനൻസ് ഇറക്കണം എന്ന് ദേശീയ ജനറൽ സെക്രട്ടറി സരേഷ് ഭയ്യാജി ജോഷി. ഇതിനായി അനന്തമായി കാത്തിരിക്കാൻ ആവില്ല. വേണ്ടി വന്നാൽ 1992ന് സമാനമായ പ്രക്ഷോഭം ആലോചിക്കും എന്നും മുന്നറിയിപ്പ്. ദീപാവലിക്ക് മുമ്പായി ശുഭ വാർത്ത പ്രതീക്ഷിക്കുന്നതായും സരേഷ് ഭയ്യാജി ജോഷി.
2. കോടതിയിൽ വിശ്വാസം ഉണ്ടെങ്കിലും കോടതി ഈ വിഷയത്തിന് പരിഗണന നൽകാത്തതിൽ വേദന ഉണ്ട്. രാമക്ഷേത്ര നിർമ്മാണത്തിൽ നീതിപീഠം പ്രത്യേക പരിഗണന നൽകണം. വിഷയത്തിൽ അനുകൂല വിധി ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നും ദേശീയ ജനറൽ സെക്രട്ടറി. പ്രതികരണം, മോഹൻ ഭാഗവത് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ.
3. ശബരിമലയ്ക്ക് സമീപം ളാഹയിൽ അയ്യപ്പ ഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ബി.ജെ.പി വാദങ്ങൾ പൊളിയുന്നു. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് വിശദീകരണം ശരിവച്ച് മരിച്ച ശിവദാസന്റെ മകന്റെ മൊഴി. ദർശനം നടത്തിയ ശേഷം 19ന് ഒരു തമിഴ്‌നാട് സ്വദേശിയുടെ ഫോണിൽ നിന്ന് അച്ഛൻ വീട്ടിലേക്ക് വിളിച്ചിരുന്നു. സൈക്കിളിൽ അല്ല അച്ഛൻ ശബരിമലയിലേക്ക് പോയത് എന്നും മകൻ.
4. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അവസാനിച്ചതിനു ശേഷം 18ന് ആണ് ശബരിമലയിലേക്ക് അച്ഛൻ പോയത്. എന്നാൽ 19ന് വീട്ടിലേക്ക് വിളിച്ചതിനു ശേഷം പിന്നീട് അച്ഛനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും മകൻ. വെളിപ്പെടുത്തൽ, ശിവദാസൻ കൊല്ലപ്പെട്ടത് പൊലീസ് നടപടിയെ തുടർന്ന് എന്ന് ആരോപിച്ച് സംഘ പരിവാർ സംഘടനകൾ പത്തനംതിട്ടയിൽ നടത്തുന്ന ഹർത്താൽ പരോഗമിക്കവെ.
5. അയ്യപ്പ ഭക്തനായ ശിവദാസിനെ പൊലീസ് മർദ്ദിച്ചു കൊന്നു എന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ പ്രതികരണം. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം എന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. അതേസമയം, സംഭവത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പൊലീസ്.
6. ശബരിമല വിഷയത്തിൽ സർക്കാരിന് എതിരെ എന്ത് ഗൂഢാലോചന നടത്തിയാലും അവർ ഒറ്റപ്പെടുകയേ ഉള്ളൂവെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ശബരിമലയെ തകർക്കാനുള്ള ശ്രമം പരാജയപ്പെടും. ശബരിമലയിൽ മൂത്രമൊഴിക്കാനും ചോര വീഴ്ത്താനും ആഹ്വാനം ചെയ്യുന്ന ആളുകളാണ് ഇപ്പോൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട് എന്നും ജയരാജൻ കൂട്ടിച്ചേർത്തു.
7. എസ്.എഫ.ഐ അഖിലേന്ത്യ പ്രസിഡന്റായി വി.പി. സാനുവിനെയും ജനറൽ സെക്രട്ടറിയായി മയൂഖ് വിശ്വാസിനെയും തിരഞ്ഞെടുത്തു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടക്കുന്ന 16ാമത് അഖിലേന്ത്യ സമ്മേളനത്തിൽ ആണ് ഇരുവരെയും തിരഞ്ഞെടുത്തത്. 93 അംഗ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് കേരളത്തിൽ നിന്നുള്ള 10 പേരുണ്ട്. മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന വി.പി. സാനു രണ്ടാം തവണയാണ് അഖിലേന്ത്യ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്.
8. ബോളിവുഡ് സെലിബ്രിറ്റികളിൽ ഏറ്റവും കൂടുതൽ പരസ്യ വരുമാനം നേടുന്ന താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. എന്നാൽ ഇപ്പോഴിതാ ഒരു പരസ്യം തന്നെ ബിഗ് ബിയ്ക്ക് പൊല്ലാപ്പായി മാറിയിരിക്കുകയാണ്. ഒരു മസാല കമ്പനിയുടെ പരസ്യത്തിൽ അഭിഭാഷക വേഷത്തിൽ എത്തിയതിനെ തുടർന്ന് ഡൽഹി ബാർ കൗൺസിൽ ബച്ചന് ലീഗൽ നോട്ടീസ് നൽകിയിരിക്കുകയാണ്. മുൻകൂർ അനുമതിയില്ലാതെ അഭിഭാഷകരുടെ വേഷം പരസ്യത്തിനായി ഉപയോഗിച്ചതാണ് കാരണം.
9. സമനില കുരുക്കിൽ നിന്ന് രക്ഷ തേടി ഐ.എസ്.എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു. പൂനെ സിറ്റി എഫ്.സിയാണ് മഞ്ഞപ്പടയുടെ എതിരാളികൾ. രാത്രി 7.30 മുതൽ പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സിൽ ആണ് മത്സരം. സീസണിലെ ആദ്യ മത്സരത്തിൽ എ.ടി.കെയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചത് ഒഴിച്ചാൽ ബാക്കിയുള്ള 3 മത്സരങ്ങളിലും സമനിലയായിരുന്നു ഫലം.
10. വെള്ളിമൂങ്ങക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടും ഒന്നിക്കുന്നു. ബിജു മേനോൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂലെ അറിയിച്ചത്. ആദ്യരാത്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സെൻട്രൽ പിക്‌ചേഴ്‌സ് ആണ് നിർമ്മിക്കുന്നത്. ഷാരിസും ജെബിനും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ബിജിബാലിന്റേതാണ് സംഗീതം.
11. അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കട്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ആന്റണി വർഗ്ഗീസ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ലെന്ന് സംവിധായകൻ പറഞ്ഞു.