സ്പെയിൻ: ഇരട്ടത്തലയുള്ള സ്രാവിനെ കണ്ട് അന്തംവിട്ടിരിക്കുകയാണ് ശാസ്ത്രലോകം. സ്പെയിനിലെ ഒരു പരീക്ഷണശാലയിലാണ് മുട്ടയ്ക്കുള്ളിൽ വളരുന്ന ഇരട്ടത്തലയുള്ള സ്രാവിന്റെ ഭ്രൂണത്തെ കണ്ടെത്തിയത്. മുട്ടയിടുന്ന സ്രാവുകളുടെ കൂട്ടത്തിൽ ലോകത്ത് തന്നെ ആദ്യമായാണ് ഇങ്ങനെയൊന്ന്. ഇത് അപൂർവ പ്രതിഭാസമാണെന്നാണ് ഗവേഷകർ പറയുന്നത്.
സ്രാവുകളിലെ ഹൃദയാരോഗ്യത്തെക്കുറിച്ചു പഠിക്കുന്നതിനിടയിലാണ് മുട്ടയ്ക്കുള്ളിൽ വളരുന്ന ഇരട്ടത്തലയുള്ള ഭ്രൂണം ഗവേഷകുടെ ശ്രദ്ധയിൽപ്പെടുന്നത്. നട്ടെല്ലു വരെ ഒന്നും തലച്ചോറും വായും കണ്ണുകളും ഉൾപ്പടെ മറ്റെല്ലാ ഭാഗങ്ങളും രണ്ടു വീതവുമാണ് ഈ സ്രാവിനുള്ളത്.
എന്നാൽ, നീന്താനുള്ള വേഗത മുതൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ വരെ ഇരട്ടത്തല ബാധിക്കുമെന്നതിനാൽ ഈ സ്രാവുകൾ അധിക കാലം ജീവിക്കാനിടയില്ലെന്നാണ് ഗവേഷകരുടെ നിഗമനം. കരയിലെ ജീവികളിലെന്ന പോലെയുള്ള ജനിതകഘടനയിലെ പ്രശ്നങ്ങളാണ് സ്രാവുകളും ഇരട്ടത്തലയന്മാരായി ജനിക്കാൻ കാരണം.