മലയാള സിനിമയിൽ ഇനിയൊരു സൂപ്പർ താരം ഉണ്ടാകാതിരിക്കട്ടെയെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. താര പദവി അഭിനേതാക്കൾക്ക് വലിയ ബുദ്ധിമുട്ടാണ്. പുതിയ തലമുറയിലെ ആരും സൂപ്പർ താര പദവിയിലേക്ക് ഉയരരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും തങ്ങളുടെ പ്രതിച്ഛായയ‌്ക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാൾ അയാളിലെ നടനെ നിയന്ത്രിച്ചാൽ എന്ത് സംഭവിക്കും. അങ്ങനെയുണ്ടാകരുതെന്നും ഒരു സ്വകാര്യ എഫ്.എം റേഡിയോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ജീത്തു വ്യക്തമാക്കി.
വെള്ളിത്തിരയിൽ സൂപ്പർ ഹിറ്റായ ദൃശ്യം സിനിമയിൽ മോഹൻലാലിനെ ഷാജോൺ തല്ലുന്ന ഒരു രംഗമുണ്ട്. സിനിമയിലെ അനിവാര്യമായ രംഗമായിരുന്നു അത്. അന്ന് പലരും അതിനോട് യോജിച്ചിരുന്നില്ല. ആരാധകർ എങ്ങനെ പ്രതികരിക്കുമെന്നാണ് പലരും ചോദിച്ചത്. ഇക്കാര്യം ലാലേട്ടനോട് പറഞ്ഞപ്പോൾ മറ്റുള്ളവർ പറയുന്നത് കാര്യമാക്കേണ്ടെന്നും സിനിമയാണ് പ്രധാനമെന്നുമായിരുന്നു മറുപടി. ദൃശ്യത്തിന്റെ തമിഴ് പതിപ്പിനായി കമലഹാസനൊപ്പം രജനീകാന്തിനെയും പരിഗണിച്ചിരുന്നു. അദ്ദേഹത്തിന് സിനിമ ഇഷ്‌ടമായെങ്കിലും പൊലീസ് തല്ലുന്ന രംഗം ആരാധകർ ഉൾക്കൊള്ളില്ല എന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു. താരപദവി മൂലം ഒരു നല്ല കഥാപാത്രത്തെയാണ് നടന് ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.