മയക്കുമരുന്നും മറ്റുലഹരിവസ്തുക്കളും കാർന്നുതിന്നുന്ന ജീവിതങ്ങൾക്ക് തണലേകുന്ന ലഹരിമോചന കേന്ദ്രങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. സംസ്ഥാന ലഹരി വർജ്ജനമിഷൻ 'വിമുക്തി" യുടെ ഭാഗമായ ഡീ അഡിക്ഷൻ സെന്ററുകളിൽ ആദ്യത്തേത് കൊല്ലം ജില്ലയിലെ പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ ഇന്ന് പ്രവർത്തനമാരംഭിക്കും.
ലഹരിവർജ്ജനത്തിലൂടെ ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രൂപംനൽകിയ വിമുക്തി മിഷന്റെ ഭാഗമായാണ് ഡീ അഡിക്ഷൻ സെന്ററുകൾ തുടങ്ങുന്നത്. ലഹരിക്കടിമപ്പെട്ടവരെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരികയാണ് കേന്ദ്രങ്ങളുടെ ലക്ഷ്യം. ആരോഗ്യവകുപ്പുമായി ചേർന്ന് എല്ലാ ജില്ലകളിലെയും ഓരോ സർക്കാർ ആശുപത്രിയിൽ ആരംഭിക്കുന്ന ലഹരിമോചനകേന്ദ്രങ്ങൾ ലഹരിമുക്തകേരളത്തിലേക്കുള്ള പ്രയാണത്തിലെ പ്രധാന ചുവടുവയ്പുകളിലൊന്നാണ്.
മയക്കുമരുന്നുകൾക്കും മറ്റ് ലഹരിവസ്തുക്കൾക്കും അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിന് വിപുലമായ സൗകര്യങ്ങളോടെ സർക്കാർ മേഖലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ്, മുന്ന് വീതം സ്റ്റാഫ് നഴ്സുമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യൽ വർക്കർ തുടങ്ങിയവരും മറ്റു ജീവനക്കാരും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡീഅഡിക്ഷൻ സെന്ററുകളിൽ ഉണ്ടാകും. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റിൽ ആരംഭിക്കുന്ന ഡീ അഡിക്ഷൻസെന്ററിന്റെ ഉദ്ഘാടനം നവംബർ ഏഴിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും.
മറ്റ് ജില്ലകളിൽ ഡീ അഡിക്ഷൻ സെന്റർആരംഭിക്കുന്ന ആശുപത്രികൾ: റാന്നി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി(പത്തനംതിട്ട), ചെങ്ങന്നൂർ ജില്ലാ ആശുപത്രി (ആലപ്പുഴ), പാല ജനറൽ ഹോസ്പിറ്റൽ (കോട്ടയം), പൈനാവ് ജില്ലാ ആശുപത്രി(ഇടുക്കി) , മൂവാറ്റുപുഴ താലൂക്ക് ആശുപത്രി (എറണാകുളം), ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി(തൃശൂർ) , കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ(പാലക്കാട്), നിലമ്പൂർ ജില്ലാ ആശുപത്രി (മലപ്പുറം), ബീച്ച് ആശുപത്രി(കോഴിക്കോട്) , കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ(വയനാട്) , പയ്യന്നൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി(കണ്ണൂർ), നീലേശ്വരം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (കാസർകോട്). കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡീ അഡിക്ഷൻ സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മദ്യവും മയക്കുമരുന്നുകളും മറ്റ് ലഹരിപദാർഥങ്ങളും പുകയില ഉത്പന്നങ്ങളും ഉൾപ്പെടെ ലഹരി വസ്തുക്കൾ തേടിപ്പോകുന്ന നിലയിലേക്ക് യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെ സമൂഹത്തിലെ നല്ലൊരുവിഭാഗം വഴുതിവീണുകൊണ്ടിരിക്കുകയാണ്. ലഹരി ഉപയോഗം വൻ വിപത്തായി മാറിയിരിക്കുന്നു. സാമൂഹികവും സാമ്പത്തികവും കുടുംബപരവുമായ വലിയ പ്രത്യാഘാതങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്.
( ലേഖകൻ സംസ്ഥാന എക്സൈസ് വകുപ്പ്
മന്ത്രിയാണ് )