minister-kt-jaleel

കോഴിക്കോട്: മന്ത്രി കെ.ടി ജലീൽ തന്റെ ബന്ധുവിനെ ചട്ടങ്ങൾ മറികടന്ന് നിയമിച്ചതായി ആരോപണം. പിൃത സഹോദര പുത്രനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയിലാണ് കെ.ടി ജലീൽ ചട്ടങ്ങൾ മറികടന്ന് നിയമിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണ് ഇത് സംബന്ധിച്ച് ആരോപണവുമായി രംഗത്തെത്തിയത്. സ്വകാര്യ ബാങ്കിൽ സീനിയർ മാനേജരായ കെ.ടി ആബിദിനെയാണ് ജലീൽ ചട്ടം മറികടന്ന് നിയമിച്ചതെന്നും ഇതിനെതിരെ വിജിലൻസിൽ പരാതി നൽകുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.

സർക്കാരിന്റെ 2013ലെ ഉത്തരവ് പ്രകാരം കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിൽ ജോലി ലഭിക്കാൻ ആവശ്യമുള്ള യോഗ്യത ഡിഗ്രിക്കൊപ്പം എം.ബി.എ അല്ലെങ്കിൽ സി.എ, സി.എസ്, ഐ.സി.ഡബ്ല്യു.എ എന്നിവയിലേതെങ്കിലുമൊന്നാണ്. ഇതുകൂടാതെ മൂന്ന് വർഷത്തെ പ്രവർത്തന പരിചയവും വേണം. എന്നാൽ 2016ആഗസ്റ്റിൽ യോഗ്യത മാറ്റം വരുത്തി ബി.ടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പി.ജി ഡിപ്ലോമ എന്ന യോഗ്യത കൂട്ടിച്ചേർത്തു. ഇത് പിതൃ സഹോദര പുത്രനെ നിയമിക്കാനാണെന്നാണ് ഫിറോസ് ആരോപിച്ചത്.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സർക്കാർ സ്ഥാപനത്തിൽ ഡെപ്യൂട്ടേഷൻ രീതിയിൽ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ഫിറോസ് ആരോപിച്ചു. ബന്ധുവിനെ സഹായിക്കാൻ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റംവരുത്തിയത് സ്വജനപക്ഷപാതമാണ്. വിജിലൻസിൽ പരാതി കൊടുത്തശേഷം കോടതിയെ സമീപിക്കും. മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണു മന്ത്രി ജലീൽ അഹങ്കാരത്തോടെ അഴിമതി കാട്ടുന്നതെന്നു ഫിറോസ് ആരോപിച്ചു.