sivadasan-death

പത്തനംതിട്ട: ശബരിമലയിൽ നിന്നും മടങ്ങുന്നതിനിടെ മരിച്ച നിലയിൽ കാണപ്പെട്ട പത്തനംതിട്ട പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ശിവദാസന്റെ മരണകാരണം രക്തസ്രാവത്തെ തുടർന്നാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രക്തസ്രാവം ഉണ്ടായത് തുടയെല്ല് പൊട്ടിയിട്ടാണെന്നും ഉയർന്ന സ്ഥലത്ത് നിന്ന് വീണത് കൊണ്ടാവാം തുടയെല്ല് പൊട്ടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ കാര്യമായ ക്ഷതങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ട്. ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വിഷം ഉള്ളിൽ ചെന്നതായി സൂചനയില്ലെന്നും പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. പ്ലാപ്പള്ളി കമ്പകത്തും വളവിന് സമീപം വനത്തിൽ കഴിഞ്ഞ ദിവസമാണ് ശിവദാവന്റെ മൃതദേഹം കണ്ടെത്തിയത്. നിലയ്ക്കൽ ലാത്തിച്ചാർജിനെ തുടർന്നാണു മരണമെന്ന് ബി.ജെ.പി, സംഘപരിവാർ സംഘടനകൾ ആരോപിച്ചിരുന്നു.