തന്റെ എല്ലാ ചിത്രങ്ങളിലും എന്തെങ്കിലും പ്രത്യേകതകൾ വേണമെന്ന നിർബന്ധമുള്ള നടനാണ് പൃഥ്വിരാജ്. അടുത്തിടെ പുറത്തിറങ്ങിയ രാജുവിന്റെ സിനിമകളിലെല്ലാം അത് പ്രകടവുമാണ്. റിലീസിനൊരുങ്ങുന്ന നയൻ എന്ന ചിത്രത്തിലും ഒട്ടു വ്യത്യസ്‌തനല്ല മലയാളത്തിന്റെ യൂത്ത് ഐക്കൺ. സിനിമയുടെ റിലീസ് ഡേറ്റ് മുംബയിലെ ഫേസ്ബുക്ക് ഓഫീസിൽ നിന്നാണ് താരം പ്രഖ്യാപിച്ചത്.
2019 ഫെബ്രുവരി ഏഴിനാണ് നയൻ തിയേറ്ററുകളിലെത്തുക.സയൻസ് ഫിക്ഷൻ എന്നതിലുപരി നയൻ ഒരു അച്ഛന്റെയും മകന്റെയും കഥയാണെന്ന് പൃഥ്വി വ്യക്തമാക്കി. വൈകാരികമായ ഒരുപാട് രംഗങ്ങൾ നിറഞ്ഞ ചിത്രമാണിത്. മാസ്‌റ്റർ ക്ളിന്റായി എത്തി പ്രേക്ഷകരെ വിസ്‌മയിപ്പിച്ച മാസ്‌റ്റർ അലോകും ചിത്രത്തിൽ പ്രധന വേഷത്തിൽ എത്തുന്നുണ്ട്. മംമ്‌ത മോഹൻദാസ്, വാമിക ഗബ്ബി എന്നിവരാണ് പ്രധന വേഷങ്ങളിൽ എത്തുന്നത്.
ഫേസ്ബുക്കിൽ ലൈവിൽ എത്തിയ താരത്തോട് ആരാധകർ ഏറ്റവും കൂടുതൽ ചോദിച്ചത് സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിനെ കുറിച്ചായിരുന്നു. ലൂസിഫർ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണെന്നും. ഇനി മുംബയിലാണ് ചിത്രത്തിന്റെ ലൊക്കേഷനെന്നും പൃഥ്വി വെളിപ്പെടുത്തി. സിനിമകളിൽ പ്രേക്ഷകർ ഇതുവരെ കണ്ട മുംബൈ ആയിരിക്കില്ല ലൂസിഫറിൽ കാണുകയെന്നും, അതിനായുള്ള ശ്രമമാണ് തങ്ങൾ നടത്തുന്നതെന്നും പൃഥ്വി പറഞ്ഞു.ഇതുവരെയുള്ള ചിത്രീകരണത്തിൽ എല്ലാവരും ഹാപ്പിയാണെന്നുെം താരം കൂട്ടിച്ചേർത്തു.