-helicopter

കോഴിക്കോട്: നടുക്കടലിലൂടെ സഞ്ചരിക്കുന്ന ബോട്ടിൽ നിന്നും ഹെലികോപ്‌ടറിലെത്തി മീൻ വാങ്ങിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. ഗോവയിൽ മത്സ്യബന്ധനം കഴിഞ്ഞ് ഉഡുപ്പി തീരത്തേക്ക് വരികയായിരുന്ന ബോട്ടിൽ നിന്നാണ് ഹെലികോപ്‌ടറിലെത്തിയവർ മീൻ വാങ്ങിയത്. തീരസംരക്ഷണ സേനയുടെ ഹെലികോപ്‌ടറാണിതെന്നാണ് സൂചന.മറ്റൊരു ബോട്ടിലുണ്ടായിരുന്നവർ പകർത്തിയ ചിത്രങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഹെലികോപ്‌ടറിൽ നിന്നും ബോട്ടിലേക്ക് താഴ്‌ത്തിയ കയറിലുണ്ടായിരുന്ന കവറിൽ മത്സ്യത്തൊഴിലാളികൾ മത്സ്യം ഇട്ടുകൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇതിന് പിന്നാലെ കോ‌പ്‌ടർ പറന്നുയരുന്നതും കാണാം. നടുക്കടലിൽ നിന്നുമുള്ള മീൻവാങ്ങൽ വിവാദമായതോടെ മാൽപെ തുറമുഖ അധികൃതർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ബുധനാഴ്‌ച കാർവാർ - ഗോവ അതിർത്തിയിലാണ് സംഭവം നടന്നതെന്നാണ് വിവരം.