ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്ന തിങ്കളാഴ്ച മുതൽ ശബരിമലയെ നാല് മേഖലകളായി തിരിച്ച് പൊലീസ് വലയത്തിലാക്കും. ആദ്യഘട്ടമായി 1200 പൊലീസുകാരെ ഇന്നു വിന്യസിക്കും. തിങ്കളാഴ്ച രാവിലെ എട്ടു മുതൽ അയ്യപ്പഭക്തരെ നിലയ്ക്കലിൽ പരിശോധിച്ച ശേഷമേ പമ്പയിലേക്കും സന്നിധാനത്തേക്കും വിടൂ.
വടശേരിക്കര, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ മേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ദക്ഷിണ മേഖലാ എ.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ മൂന്ന് ഐ.ജിമാർ, അഞ്ച് എസ്.പിമാർ, 10 ഡിവൈ.എസ്.പിമാർ എന്നിവർ സുരക്ഷാ ചുമതല നിർവഹിക്കും. ശബരിമലയും പരിസര പ്രദേശങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചാണ് നടപടികൾ.
ശബരിമലയിലേക്കുള്ള എല്ലാ പാതകളിലും കർശന വാഹന പരിശോധന ഇന്നു മുതൽ നട അടയ്ക്കുന്ന ആറാം തീയതി വരെയുണ്ടാകും. പൂങ്കാവനത്തിലും പമ്പയിൽ നിന്നുള്ള കാനന പാതയിലും ആയുധങ്ങളും ബോംബും കണ്ടെത്താനുള്ള പരിശോധനയുമുണ്ടാകും. പ്ളാപ്പള്ളി മുതൽ പമ്പ വരെ പൊലീസ് സദാ പട്രോളിംഗ് നടത്തും.
ഭക്തരല്ലാത്തവരെ പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ല. ഇരുമുടിക്കെട്ടില്ലാതെ തൊഴാൻ വരുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ അറിയിച്ചു.
മാദ്ധ്യമ പ്രവർത്തകരെ തിങ്കളാഴ്ച രാവിലെ എട്ടു മുതലാണ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും കടത്തിവിടുന്നത്.
ആരും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല
ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിന് ദർശനം നടത്താൻ ഇന്നലെ വരെ യുവതികളാരും പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. നാല് യുവതികൾ ശബരിമല ദർശനത്തിന് സംരക്ഷണം തേടി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോൾ പൊലീസിനെ സമീപിക്കാനാണ് നിർദ്ദേശിച്ചത്. ദർശനത്തിന് യുവതികളെത്തിയാൽ എല്ലാ സുരക്ഷയും നൽകാനുള്ള ഒരുക്കത്തിലാണ് പൊലീസ്.