തിരുവനന്തപുരം:ബൈക്കിന്റെ എൻജിനും മരത്തടിയും കൊണ്ടൊരു പാരാഗ്ളൈഡർ. ചെലവ് ഒരു ലക്ഷം രൂപ.ഒരു ലിറ്റർ പെട്രോളിൽ 20 മിനിട്ടോളം പറക്കാം. നിർമ്മിച്ചത് കൊല്ലം ശാസ്താംകോട്ട പടിഞ്ഞാറേ കല്ലട വിജയവിലാസത്തിൽ ആനന്ദ് ചന്ദ്രൻ. പ്ലസ് ടു കഴിഞ്ഞ് എയർക്രാഫ്ട് മാനുഫാക്ചറിംഗ് എൻജിനീയറിംഗ് ഡിപ്ലോമയും മനോധർമ്മവുമാണ് ഈ 26കാരന്റെ കരുത്ത്. ലോകത്താദ്യമായി വിമാനം പറത്തിയ റൈറ്റ് സഹോദരന്മാരുടെ നാടൻ അവതാരം.
യമഹ എൻജിൻ കൊണ്ട് ഹെലികോപ്ടറും ചേതക് എൻജിൻ കൊണ്ട് പവർ ബോട്ടും ആനന്ദ് നിർമ്മിച്ചു; എട്ട് വർഷം പരിശ്രമിച്ച് കുറഞ്ഞ ചെലവിൽ. സാങ്കേതിക അനുമതിക്ക് കടമ്പകൾ ഏറെയുള്ളതിനാൽ ഹെലികോപ്ടർ പറപ്പിക്കാനായില്ല. അതിന് ചെലവേറെയുണ്ട്. അതിനാലാണ് പാരാഗ്ലൈഡറിലേക്ക് തിരിഞ്ഞത്.സുഹൃത്തുക്കളും സഹായിച്ചു.
സുസുകി ഷോഗൺ ബൈക്കിന്റെ എൻജിൻ പഴയവിലയ്ക്ക് വാങ്ങി ശക്തി കൂട്ടി. അക്കേഷ്യ തടികൊണ്ട് പ്രൊപ്പല്ലർ നിർമ്മിച്ചു. ഒരു വർഷത്തെ കഠിനപ്രയത്നത്തിൽ എല്ലാം കൂട്ടിയിണക്കി. പെട്രോളും ഓയിലുമാണ് ഇന്ധനം.
സ്വപ്നങ്ങളുടെ ചിറക് അരിയരുത്
രണ്ടാഴ്ച മുൻപ് ആനന്ദ് പാരാഗ്ലൈഡറിൽ പരീക്ഷണപ്പറക്കൽ നടത്തി. 30 കിലോ ഭാരമുള്ള മോട്ടോർ ശരീരത്തിൽ ഘടിപ്പിച്ച് നാല് കിലോ ഭാരമുള്ള വിംഗിൽ തൂങ്ങി ആനന്ദ് പറന്നു. പിന്നീട് നടന്നതെല്ലാം ആ യുവാവിന്റെ സ്വപ്നങ്ങളുടെ ചിറകരിയുന്ന സംഭങ്ങളാണ്. പ്രസിദ്ധമായ മലനടക്കുന്നാണ് പറക്കാനായി തിരഞ്ഞെടുത്തത്. പറക്കാനുള്ള ആവേശത്തിൽ മുൻകൂട്ടി അനുമതിയൊന്നും വാങ്ങിയില്ല. എല്ലാംകൂടി ബൈക്കിൽ കയറ്റി രണ്ട് സുഹൃത്തുക്കളുമായി മലനടയിലേക്ക് പോയി. കുന്നിന് ചുറ്റുമുള്ള വയലിനു മുകളിലൂടെ വലിയ ശബ്ദത്തിൽ ആനന്ദുമായി ഗ്ളൈഡർ പറന്നുപൊങ്ങി. ഉയരം അഞ്ഞൂറ് മീറ്ററും കടന്നു. ആദ്യമായി നാട്ടിലൂടെ പറന്ന പാരാഗ്ലൈഡർ കാണാൻ നാട്ടുകാർ കുന്നിൽ തടിച്ചുകൂടി. അതോടെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി പറന്നിറങ്ങാൻ കഴിയാതെയായി. ആളുകളെ മാറ്റുന്നതിന് സന്ദേശം കൈമാറാൻ സംവിധാനമുണ്ടായിരുന്നില്ല. ആളുകളുടെ സുരക്ഷയെ കരുതി ക്ഷേത്രത്തിനു മുന്നിലെ മരത്തിന് മുകളിൽ ആനന്ദ് വിദഗ്ദ്ധമായി ഇടിച്ചിറങ്ങി. പക്ഷേ നിയന്ത്രണം തെറ്റി വീണതാണെന്ന് ചിലർ പ്രചരിപ്പിച്ചു. ചില മാദ്ധ്യമങ്ങളിലും വാർത്ത വന്നു. അനുമതിയില്ലാതെ പറന്നതിന് പൊലീസ് നോട്ടീസും നൽകി. അതോടെ ആനന്ദ് തളർന്നു. ലൈസൻസും അനുമതിയുമില്ലാതെ പറക്കാൻ പാടില്ലെങ്കിലും ആ യുവാവിന്റെ നിശ്ചയദാർഢ്യവും കഠിനപ്രയത്നവും ആരും കണ്ടില്ല.
ഏതെങ്കിലും ഫ്ലൈയിംഗ് ക്ളബിൽ മെംബർഷിപ്പോ നല്ലൊരു ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായമോ ലഭിച്ചാൽ ആനന്ദ് ആകാശം കീഴടക്കും. തിരുവനന്തപുരം റീജിയണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷനിൽ നിന്നാണ് ആനന്ദ് ഡിപ്ലോമ നേടിയത്. ഗുജറാത്തിൽ വഡോദര എയർപോർട്ടിൽ ഫ്യൂവൽ ക്വാളിറ്റി കൺട്രോളറാണ്.
അച്ഛൻ അനന്തകൃഷ്ണൻ ആനന്ദിന്റെ കുട്ടിക്കാലത്ത് മരിച്ചു.അമ്മ ചെല്ലമ്മ കൊല്ലം നഗരസഭയിലെ ജീവനക്കാരിയാണ്.അർച്ചനയാണ് സഹോദരി.