പത്തനംതിട്ട: നാളെ അർദ്ധരാത്രി മുതൽ ആറിന് അർദ്ധരാത്രി വരെ പമ്പ, ഇലവുങ്കൽ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധാനാജ്ഞ പ്രഖ്യാപിച്ചതായി പത്തനംതിട്ട കളക്ടർ പി.ബി നൂഹ് അറിയിച്ചു. ചിത്തിര ആട്ടത്തിരുന്നാൾ വിശേഷാൽ പൂജയ്ക്ക് നട തുറക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് നിരോധാനാജ്ഞ പ്രഖ്യാപിച്ചത്. സന്നിധാനത്ത് ഉൾപ്പെടെ പഴുതുകളടച്ചുള്ള സുരക്ഷാ മുന്നൊരുക്കമാണ് പൊലീസ് നടത്തിയിരിക്കുന്നത്.
ദക്ഷിണ മേഖല എ.ഡി.ജി.പി അനിൽകാന്ത് ഉൾപ്പെടെ മുഴുവൻ ഉദ്യോഗസ്ഥരും നാളെ മുതൽ സന്നധാനത്തും പമ്പയിലും നിലയ്ക്കലിലുമായി നിലയുറപ്പിക്കും. അഞ്ചാം തീയതി ശബരിമല ദർശനത്തിന് യുവതികളെത്തിയാൽ സുരക്ഷ ഒരുക്കാൻ സുസജ്ജമാണെന്ന് പത്തനംതിട്ട എസ്.പി ടി. നാരായണൻ അറിയിച്ചു.