സിംഗപ്പൂർ: ഇറാനെതിരെയുള്ള അമേരിക്കൻ ഉപരോധം പുനഃസ്ഥാപിക്കുകയാണെന്നും എന്നാൽ ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങൾക്ക് ഇറാനിൽ നിന്ന് ഇന്ധനം വാങ്ങാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. ഇന്ത്യ, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവർക്ക് തുടർന്നും ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് നിശ്ചിത കാലത്തേക്കു കൂടി തുടരാമെന്നും എന്നാൽ ക്രമേണ ഇറക്കുമതി പൂർണമായി നിറുത്തണമെന്നും യു.എസ് സ്റ്റേറ്ര് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. നവംബർ അഞ്ചു മുതൽ ഇറാനെതിരെ അമേരിക്ക കടുത്ത ഉപരോധം ഏർപ്പെടുത്താനിരിക്കെയാണ് ഇന്ത്യയ്ക്ക് ആശ്വാസമാകുന്ന നടപടി. ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
അമേരിക്കയുടെ ഉപരോധം നിലവിൽ വന്നാലും ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായും നിറുത്തിവയ്ക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. തിങ്കളാഴ്ച മുതലാണ് ഇറാന് മേലുള്ള അമേരിക്കൻ ഉപരോധം നിലവിൽ വരിക.