ഈസ്താംബുൾ: സൗദി കൊലപ്പെടുത്തിയ മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൃതദേഹം വെട്ടി നുറുക്കി ആഡിഡിൽ ലയിപ്പിക്കുകയായിരുന്നെന്ന് തുർക്കി പ്രസിഡന്റിന്റെ ഉപദേഷ്ടാവ് വെളിപ്പെടുത്തി. കണ്ടെത്താൻ പോലും സാധിക്കാത്ത വിധം ഘാതകർ ഖഷോഗിയുടെ മൃതദേഹം നശിപ്പിച്ചുകളഞ്ഞു എന്ന ന്യായമായ നിഗമനത്തിലാണ് എത്തിച്ചേരാൻ സാധിച്ചതെന്ന് ഉപദേഷ്ടാവ് യാസിൻ അക്തായ് പറഞ്ഞു. എന്നാൽ ഇതിന് ഫോറൻസിക് തെളിവുകളൊന്നും തുർക്കി സമർപ്പിച്ചിട്ടില്ല.
ആസിഡിൽ അലിയിച്ചു കളയാനുള്ള എളുപ്പത്തിനായാണ് ഖഷോഗിയുടെ മൃതദേഹം വെട്ടിനുറുക്കിയതെന്നും തുർക്കി വിശദമാക്കി.
ഒക്ടോബർ രണ്ടിന് വിവാഹത്തിനാവശ്യമായ രേഖകൾക്കായി ഈസ്താംബുളിലെ സൗദി കോൺസുലേറ്രിലെത്തിയപ്പോളാണ് ഖഷോഗി ക്രൂരമായി കൊല്ലപ്പെട്ടത്. കോൺസുലേറ്രിലേക്ക് പ്രവേശിച്ചയുടൻ അദ്ദേഹത്തെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കുകയായിരുന്നെന്നാണ് കഴിഞ്ഞദിവസം തുർക്കി വെളിപ്പെടുത്തിയത്.
ഖഷോഗിയുടെ കൊലയാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് ലോകനേതാക്കളോട് ആവശ്യപ്പെട്ടുകൊണ്ട് കാമുകി ഹാത്തിസ് കെൻഗിസ് അഞ്ചു അന്താരാഷ്ട്ര ദിനപത്രങ്ങളിൽ എഴുതിയ എഡിറ്റോറിയൽ ലേഖനത്തെ തുടർന്നാണ് തുർക്കിയുടെ കൂടുതൽ വെളിപ്പെടുത്തൽ പുറത്തുവന്നത്.
ഇതിനിടെ, ഖഷോഗി അപകടകാരിയായ മുസ്ലിമാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യു.എസുമായി സംസാരിച്ചെന്ന് വെളിപ്പെടുത്തുന്ന ഫോൺസന്ദേശത്തെ കുറിച്ചും വാർത്ത പുറത്തുവന്നു.
ഖഷോഗി കൊല്ലപ്പെടേണ്ടവനെന്ന് മുഹമ്മദ് സൽമാൻ
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാർഡ് കുഷ്നറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനുമായും ഖഷോഗിയെ കുറിച്ച് മുഹമ്മദ് ബിൻ സൽമാൻ രൂക്ഷമായ പരാമർശം നടത്തിയതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.ഖഷോഗിയുടെ തിരോധാനത്തിനുശേഷം ഒക്ടോബർ ഒൻപതിന് സൽമാൻ നടത്തിയ ഫോൺ സംഭാഷണത്തിൽ ഖഷോഗി മുസ്ലിം ബ്രദർഹുഡ് അംഗമാണെന്നും അപകടകാരിയായ മുസ്ലിമാണെന്നും പരാമർശിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇക്കാര്യം സൗദി നിഷേധിച്ചിട്ടുണ്ട്.