cricket

രഞ്ജി ട്രോഫി: ഹൈദരാബാദിനെതിരെ കേരളത്തിന് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ

സച്ചിൻ ബേബിക്കും വി.എ.ജഗദീഷിനും സെഞ്ച്വറി

സ്കോർ: കേരളം 495/6 ഡിക്ലയേർഡ്,ഹൈദരാബാദ് 1/0.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ എലൈറ്ര് ഗ്രൂപ്പ് ബിയിൽ ഹെദരാബാദിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ.നായകൻ സച്ചിൻ ബേബിയുടേയും (147), വെറ്റ്റൻ താരം വി.എ. ജഗദീഷിന്റെയും (113) തകർപ്പൻ സെഞ്ച്വറികളുടെ പിൻബലത്തിൽ ഒന്നാം ഇന്നിംഗ്സ് 495/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഹൈദരാബാദ് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒരോവറിൽ വിക്കറ്ര് നഷ്ടമില്ലാതെ ഒരു റൺസെടുത്തിട്ടുണ്ട്. ഒരുറൺസുമായി തൻമയ് അഗർവാളും റൺസൊന്നുമെടുക്കാതെ അക്ഷത് റെഡ്ഡിയുമാണ് ക്രീസിൽ.

തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ കെ.സി.എ സ്റ്റേഡിയം വേദിയാകുന്ന മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നലെ 231/4 എന്ന നിലയിൽ രാവിലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തെ സച്ചിനും ജഗദീഷും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടു പോവുകയായിയിരുന്നു. ഇന്നലെ അമ്പതോവറോളം പിടിച്ചു നിന്ന ഇരുവരും അനായാസം കേരള ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടു പോയി. ഇരുവരും അഞ്ചാം വിക്കറ്റിൽ 182 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

കേരള സ്കോർ 4/212 എന്ന നിലയിൽ ക്രീസിൽ ഒരുമിച്ച ഇവരുടെ കൂട്ടുകെട്ട് പിരിഞ്ഞത് 394ൽ വച്ചാണ്. 150 തിലേക്ക് അടുക്കുകയായിരുന്ന സച്ചിൻ ബേബിയെ വിക്കറ്റിന് മുന്നിൽ കുരുക്കി സായ് റാമാണ് കൂട്ടുകെട്ട് പൊളിച്ചത്. 290 പന്ത് നേരിട്ട് 10 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് സച്ചിന്റെ 147 റൺസിന്റെ ഇന്നിംഗ്സ്. സച്ചിന് പകരമെത്തിയ സൽമാൻ നിസാറിനെ (8) സായ് റാം പകരക്കാരൻ ഫീൽഡർ ചൈതന്യയുടെ കൈയിൽ ഒതുക്കി.

തുടർന്നെത്തിയ അക്ഷയ് ചന്ദ്രൻ (പുറത്താകാതെ 48) ,ജഗദീഷിനൊപ്പം പ്രശ്നമില്ലാതെ കേരളത്തിന്റെ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ഇടയ്ക്ക് മഴമൂലം മത്സരം നിറുത്തി വയ്ക്കേണ്ടി വന്നു. ഒടുവിൽ സ്കോർ 495ൽ വച്ച് കേരള ക്യാപ്ടൻ സച്ചിൻബേബി ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 227 പന്ത് നേരിട്ട് 6 ഫോറും 1 സിക്സും ഉൾപ്പെടെയാണ് ജഗദീഷ് 113 റൺസുമായി പുറത്താകാതെ നിന്നത്. ഒന്നാം ദിനം കേരളത്തിനായി ജലജ് സക്സേനയും (57), സഞ്ജു സാംസണും (53) അർദ്ധ സെഞ്ച്വറി നേടിയിരുന്നു.

ഹൈദരാബാദിനായി സായ്‌റാം 3 വിക്കറ്റ് വീഴ്ത്തി.