ബംഗളൂരു: കർണാടകയിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ജെ.ഡി.എസ്- കോൺഗ്രസ് സഖ്യവും ബി.ജെ.പിയും തമ്മിലുണ്ടായ കലഹങ്ങൾക്കൊടുവിൽ വ്യാഴാഴ്ചയാണ് പ്രചാരണം അവസാനിപ്പിച്ചത്. കോൺഗ്രസ് വിട്ട് എത്തിയ എൽ.ചന്ദ്രശേഖർ രാമനഗര നിയമസഭാ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങിയെങ്കിലും അവസാന നിമിഷം പിൻമാറി കോൺഗ്രസിലേക്ക് മടങ്ങിയത് ബി.ജെ.പിക്ക് ക്ഷീണമായിരുന്നു. ഇവിടെ ജെ.ഡി.എസ് സ്ഥാനാർത്ഥിയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയുമായ അനിത കുമാരസ്വാമിയായിരുന്നു എതിർ സ്ഥാനാർത്ഥി.
ജംഖണ്ടി നിയമസഭാ മണ്ഡലത്തിൽ ജെ.ഡി.എസ് കോൺഗ്രസ് സഖ്യത്തിന്റെ സ്ഥാനാർത്ഥി മുതിർന്ന നേതാവും മണ്ഡലത്തിലെ മുൻ എം.എൽ.എയുമായിരുന്ന സിദ്ദു ന്യമഗൗഡയുടെ മകൻ ആനന്ദ് സിദ്ദുവാണ്. സിദ്ദു ന്യമഗൗഡയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ബെല്ലാരി ഷിമോഗ, മാണ്ട്യ ലോക്സഭാ മണ്ഡലങ്ങളിലേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും.