മുംബയ്: ബോളിവുഡിന്റെ രോമാഞ്ചം സണ്ണി ലിയോൺ മലയാളത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. രംഗീല എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നായരാണ്. സണ്ണി ലിയോൺ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആരാധകരുമായി പങ്കുവച്ചത്. ഇത് തന്റെ മലയാളത്തിലേയ്ക്കുള്ള ആദ്യ ചുവട് വയ്പ്പാണെന്നും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നതെന്നും സണ്ണി കുറിച്ചു.
ബ്ലാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്. ഫെയറി ടെയ്ൽ പ്രൊഡക്ഷൻസ് എന്ന ബാനർ സിനിമയുടെ സഹനിർമ്മാതാക്കളാണ്. വൺവേൾഡ് എന്റെർടെയ്ൻമെന്റാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
മലയാളത്തിൽ സണ്ണി ലിയോൺ അഭിനയിക്കുന്നതായി ഏറെനാളായി വാർത്തകളുണ്ടായിരുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂട സണ്ണി മലയാളത്തിലെത്തും എന്നായിരുന്നു വാർത്ത. തുടർന്ന് മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം സ്ഫടികത്തിന്റെ രണ്ടാംഭാഗത്തിൽ സണ്ണി അഭിനയിക്കുന്നതായി സംവിധായകൻ പറഞ്ഞിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.
100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന വീരമാദേവിയാണ് സണ്ണിയുടെ പുതിയ ചിത്രം. വി.സി.വടിവുടൈയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിലും തമിഴിലും സണ്ണിയുടെ ആദ്യ ചിത്രമാണ് വീരമാദേവി. ചിത്രം മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യും. ചിത്രത്തിനായി കളരിപ്പയറ്റുും കുതിര സവാരിയും തമിഴ് ഭാഷയും സണ്ണി പഠിച്ചിരുന്നു.
ഫഹദ് ഫാസിൽ അഭിനയിച്ച മണിരത്നം, ധ്യാൻ ശ്രീനിവാസൻ, അജുവർഗിസ് എന്നിവർ അഭിനയിക്കുന്ന സച്ചിൻ എന്നീ സിനിമകളുടെ സംവിധായകനാണ് സന്തോഷ് നായർ.