north-east-monsoon

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന ആറ് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകും. അതിശക്തമായ മഴയ്ക്കും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സാദ്ധ്യതയുണ്ട്. സാധാരണ ഒക്ടോബർ പകുതിയോടെ എത്തേണ്ട തുലാവർഷം പതിനഞ്ച് ദിവസത്തോളം വെെകിയാണ് എത്തിയത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ചുഴലിക്കാറ്റുകളും ആവർത്തിച്ചുള്ള ന്യൂനമർദ്ദവുവാണ് തുലാമഴ വെെകാൻ കാരണം. ഡിംസംബർ പകുതി വരെയെങ്കിലും തുലാവർഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. സമാന്യം നല്ല രീതിയിൽ തന്നെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

തമിഴ്നാട്, തെക്കൻ കർണാടകം, പുതിച്ചേരി എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. സാധാരണ മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് തുലാമഴ നല്ല രീതിയിൽ ലഭിക്കുക. പ്രത്യേകിച്ച് അണക്കെട്ടുകളുടെ ജില്ലയായ ഇടുക്കിയിൽ തുലാവർഷം സജീവമാകാറുണ്ട്. പ്രളയാനന്തര സാഹചര്യത്തിൽ മഴയുടെ തോത്, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് എന്നിവ സൂക്ഷമമായി വിലയിരുത്തും.