kadakampalli-surendran

പന്തളം സ്വദേശിയായ ശിവദാസന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിക്കുന്ന ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കടകംപള്ളിയുടെ വിമർശനം. 18ാം തീയതി ശബരിമലയിലേക്ക് പോയ ശിവദാസൻ 17ന് നിലയ്ക്കലുണ്ടായ സംഘർഷത്തിലെങ്ങനെയാണ് കൊല്ലപ്പെടുന്നത്. 19ാം തീയതി അയാൾ വീട്ടിലേക്ക് വിളിച്ചിരുന്നു. ബി.ജെ.പി നേതാക്കൾ പറയുന്ന കാര്യങ്ങൾ ലോകത്തെയാകെ അമ്പരിപ്പിക്കുകയാണ്. ആത്മാർത്ഥത,​ ഉളുപ്പ് ഇതൊക്കെ അങ്ങാടിയിൽ വാങ്ങാൻ കിട്ടുന്നതല്ല. അഭിഭാഷകനായ ബി.ജെ.പി പ്രസിഡന്റ് പോലും നട്ടാൽ കുരുക്കാത്ത നുണയുമായി രംഗത്ത് വരികയാണെന്നും കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

പന്തളം സ്വദേശിയായ ശിവദാസന്‍ ശബരിമലയിലേക്ക് പോയത് കഴിഞ്ഞ മാസം 18 നായിരുന്നു. 19 ാം തീയതി ശിവദാസന്‍ ശബരിമല ദര്‍ശനം നടത്തിയതിന് ശേഷം വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ശിവദാസന്‍ വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് മകന്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെ ശിവദാസന്റെ മൃതദേഹം ളാഹയില്‍ നിന്ന് കണ്ടെത്തി. ശിവദാസന്‍ സഞ്ചരിച്ച സ്കൂട്ടറും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ഇതെല്ലാം യാഥാര്‍ത്ഥ്യം. പക്ഷേ, ബിജെപി നേതാക്കള്‍ പറയുന്നത് ലോകത്തെയാകെ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. 18 ാം തീയതി ശബരിമലയിലേക്ക് പോയ ശിവദാസന്‍ 17 ന് നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവത്രേ. 17ന് പന്തളത്തെ വീട്ടിലുണ്ടായിരുന്ന ശിവദാസന്‍ എങ്ങനെയാണ് അന്നേ ദിവസം നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തില്‍ മരിക്കുക ? 19 ാം തീയതി വീട്ടിലേക്ക് ഫോണ്‍ വിളിച്ച ശിവദാസന്‍ എങ്ങനെയാണ് 17 ാം തീയതി കൊല്ലപ്പെടുക ? കഥയില്‍ ചോദ്യമില്ലെന്ന് പറയാന്‍ വരട്ടെ. ശാസ്ത്രലോകത്തെയും കുറ്റാന്വേഷണ വിദഗ്ധരെയുമാകെ അമ്പരപ്പിക്കുന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ പത്തനംതിട്ട ജില്ലയാകെ ഹര്‍ത്താലും നടത്തി ആഘോഷിച്ചു. ആത്മാര്‍ത്ഥത, ഉളുപ്പ് ഇതൊക്കെ അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്നതല്ലെന്നറിയാം. അഭിഭാഷകനായ ബിജെപി സംസ്ഥാന പ്രസിഡന്റ് പോലും നട്ടാല്‍ കുരുക്കാത്ത നുണയുമായി രംഗത്ത് വരുമ്പോള്‍ പറയാന്‍ ഇത്ര മാത്രം

"കാലമിന്ന് കലിയുഗമല്ലയോ
ഭാരതമിപ്രദേശവുമല്ലയോ
നമ്മളെല്ലാം നരന്മാരുമല്ലയോ...
ചെമ്മെ നന്നായി നിരൂപിപ്പിനെല്ലാരും."