modi-udhav-thackarey

മുംബയ്: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി പ്രക്ഷോഭം നടത്തേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ മോദി സർക്കാരിനെ വലിച്ച് താഴെയിടണമെന്ന് ആർ.എസ്.എസിനോട് ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ. നേരത്തെ രാമക്ഷേത്രം നിർമിക്കാനായി പ്രക്ഷോഭം നടത്താൻ മടിക്കില്ലെന്ന് ആർ.എസ്.എസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് താക്കറെയുടെ പ്രതികരണം.

സംഘപരിവാർ അ‌ജണ്ടകൾ മുഴുവൻ മോദി സർക്കാർ അവഗണിക്കുകയാണെന്നും മോദി അധികാരത്തിൽ എത്തിയതിന് ശേഷം രാമക്ഷേത്രം നിർമിക്കുന്ന വിഷയം കണക്കിലെടുത്തിട്ടില്ലെന്നും മുംബയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ താക്കറെ വ്യക്തമാക്കി. ക്ഷേത്രനിർമാണത്തിനായി ശിവസേന പ്രക്ഷോഭം നടത്താൻ തീരുമാനിച്ചപ്പോഴാണ് ആർ.എസ്.എസ് പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് ഉടൻ വേണമെന്നും ഇല്ലെങ്കിൽ 1992ന് സമാനമായ പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കുമെന്നും ആർ.എസ്.എസ് സർവകാര്യവാഹ് ഭയ്യാജി ജോഷി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനിയും അനന്തമായി കാത്തിരിക്കാനാവില്ല. ദീപാവലിക്ക് മുമ്പ് ശുഭവാർത്ത പ്രതീക്ഷിക്കുന്നതായും ഭയ്യാജി വ്യക്തമാക്കി. ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായുമായി ആർ.എസ്.എസ് സർവസംഘചാലക് മോഹൻ ഭാഗവത് നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമായിരുന്നു ഭയ്യാജിയുടെ പ്രതികരണം. ഇന്ന് രാവിലെയാണ് ആർ.എസ്.എസ് മേധാവിയും ബി.ജെ.പി അദ്ധ്യക്ഷനും കൂടിക്കാഴ്‌ച നടത്തിയത്.