kbfc-vs-pune

പൂനെ: ഐ.എസ്.എല്ലിൽ പൂനെ എഫ്.സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. സീസണിലെ ആദ്യ മത്സരത്തിൽ ജയിച്ച ശേഷം ബ്ലാസ്റ്റേഴ്സ് ഇതു വരെ ജയമറിഞ്ഞിട്ടില്ല. ഈ കളിയോടെ അടുപ്പിച്ച് നാല് കളികളിൽ ബ്ളാസ്റ്റേഴ്സ് സമനിലയിൽ കുരുങ്ങി. കളി തുടങ്ങി പതിമുന്നാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ തിരിച്ചടിച്ചു. ആദ്യ പകുതിയിൽ തന്നെ ഗോൾ നേടുമായിരുന്ന ബ്ലാസ്റ്റേഴ്സ് റഫറിയുടെ ഇടപെടൽ മൂലം ഗോൾ നിഷേധിക്കപ്പെടുകയായിരുന്നു.

പതിമൂന്നാം മിനിറ്രിൽ പുനെ എഫ്.സിയുടെ മാർക്കോ സ്റ്റാങ്കോവിച്ചിന്റെ തകർപ്പൻ ഗോളിലൂടെയാണ് പൂനെ ലീഡെടുത്തത്. ബോക്സിന് പുറത്തു പന്ത് കിട്ടിയ സ്റ്റാങ്കോവിച്ച് ഒരു ഇടങ്കാലൻ ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്സ് വല കുലുക്കി. തുടർന്ന് മറുപടി ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞ് ശ്രമിച്ചു. 41ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ ഗോളിൽ കലാശിച്ചു എന്ന് കരുതിയതാണ്. ഒരു കോർണർ കിക്കിൽ നിന്ന് കിട്ടിയ അവസരം ക്രമാരെവിച്ച് ഗോൾ ആക്കിയെന്ന് കരുതിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. പുനെ താരം പന്ത് കൈ കൊണ്ട് തടഞ്ഞു എന്ന് റിപ്ലേകളിൽ വ്യക്തമായിരുന്നു. അതിനിടെ 57ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി പുനെ പാഴാക്കി. രണ്ടാം പകുതിയിലും കിണഞ്ഞു ശ്രമിച്ച കേരളത്തിന് 61ാം മിനിറ്റിൽ ലക്ഷ്യപ്രാപ്തിയുണ്ടായി. നേരത്തെ ഗോൾ നിഷേധിക്കപ്പെട്ട നിക്കോള ക്രമാരെവിച്ച് തന്നെ കോർണറിൽ നിന്ന് കിട്ടിയ അവസരത്തിൽ ഗോൾ നേടി.

അ‌ഞ്ച് മത്സരത്തിൽ നിന്ന് ഒരു ജയവും നാല് സമനിലയുമായി ഏഴ് പോയിന്റോടെ കേരളം അഞ്ചാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഒന്നാം സ്ഥാനത്ത്.